കെജ്‌രിവാൾ 'ഹിന്ദു വിരുദ്ധൻ' എന്ന് ഗുജറാത്തിൽ ബാനറുകൾ
text_fieldsഅഹ്മദാബാദ്: ഗുജറാത്തിലെ വിവിധ നഗരങ്ങളിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശിയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ 'ഹിന്ദു വിരുദ്ധൻ' എന്ന് വിശേഷിപ്പിച്ച് ബാനറുകൾ പ്രത്യക്ഷപ്പെട്ടു. തലയിൽ തൊപ്പി ധരിച്ച കെജ്‌രിവാളിന്റെ ചിത്രവും ബാനറുകളിലുണ്ട്. ശനിയാഴ്ചയാണ് അഹ്മദാബാദ്, രാജ്കോട്ട്, സൂറത്ത്, വഡോദര തുടങ്ങിയ നഗരങ്ങളിൽ ബാനറുകൾ പ്രത്യക്ഷപ്പെട്ടത്.
വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടു ദിവസത്തെ പ്രചാരണത്തിന് ശനിയാഴ്ച കെജ്‌രിവാൾ ഗുജറാത്തിൽ എത്തിയിരുന്നു. കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഇന്ന് പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്ന ദഹോദ് ടൗണിലും "ഹിന്ദു വിരുദ്ധ കെജ്രിവാൾ തിരിച്ചുപോകൂ" എന്നെഴുതിയ ബാനറുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിവിധയിടങ്ങളിൽ സ്ഥാപിച്ച ബാനറുകൾ എ.എ.പി പ്രവർത്തകർ നശിപ്പിച്ചു.
നേരത്തെ ഹിന്ദു ദൈവങ്ങളെ തള്ളിപ്പറഞ്ഞ് നൂറുകണക്കിന് പേർ ഡൽഹിയിൽ ബുദ്ധമതം സ്വീകരിച്ച പരിപാടിയിൽ എ.എ.പി മന്ത്രി രാജേന്ദ്ര പൽ ഗൗതം പങ്കെടുത്തത് വിവാദമായിരുന്നു. തുടർന്ന് ബി.ജെ.പി രാജേന്ദ്ര പാലിനെ രൂക്ഷമായി വിമർശിക്കുകയും എ.എ.പി ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തിയെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കെജ്‌രിവാൾ വിരുദ്ധ ബാനറുകൾ പ്രത്യക്ഷപ്പെട്ടത്.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഗുജറാത്തിലെ ജനങ്ങൾക്ക് നിരവധി വാഗ്ദാനങ്ങൾ നൽകി തീവ്രപ്രചാരണം നടത്തിവരികയാണ് കെജ്‌രിവാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.