ഇ.ഡി ഓഫീസ് അല്ല 'ബി.ജെ.പി പ്രാദേശിക കാര്യാലയം'; ബാനർ സ്ഥാപിച്ച് പ്രതിഷേധക്കാർ
text_fieldsമുംബൈ: മുംബൈയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിന് മുന്നിൽ 'ബി.ജെ.പി പ്രാദേശിക കാര്യാലയം' എന്ന ബാനർ സ്ഥാപിച്ച് ശിവസേന പ്രവർത്തകർ. മഹാരാഷ്ട്രയിൽ രൂക്ഷമാകുന്ന ബി.ജെ.പി-ശിവസേനാ പോരിന് പിന്നാലെയാണ് സേനാ പ്രവർത്തകരുടെ നടപടി. കഴിഞ്ഞ ദിവസം ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന്‍റെ ഭാര്യക്ക് ഇ.ഡി േനാട്ടീസ് അയച്ചിരുന്നു. ഇഡിയിലൂടെ സമ്മർദ്ദം ചെലുത്തി മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഗൂ ഢാലോചന നടത്തിയെന്ന് സഞ്ജയ് റാവത്തും ആരോപിച്ചിരുന്നു.
കഴിഞ്ഞ വർഷം മുതൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം ബി.ജെ.പി നടന്നെന്ന ഗുരുതരമായ ആരോപണമാണ് റാവത്ത് ഉന്നയിക്കുന്നത്. പോലീസ് പിന്നീട് ബാനർ നീക്കം ചെയ്തു. നേരത്തേ റിപ്പബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്ര നിയമസഭയില്‍ അവകാശ ലംഘന പ്രമേയം അവതരിപ്പിച്ച ശിവസേന എം.എല്‍.എ പ്രതാപ് സർനായിക്കിന് എൻഫോഴ്സ്മെന്‍റ് സമൻസ് അയച്ചിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു സമൻസ്. പ്രതാപ് സർനായികിന്‍റെ ഓഫീസിലും വസതിയിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.
പ്രതിപക്ഷ സർക്കാറുകളേയും വിമർശനം ഉന്നയിക്കുന്നവരേയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി സർക്കാർ വേട്ടയാടുന്നത് പതിവായിരിക്കുകയാണ്. സ്വയം വിശ്വാസ്യത തകര്‍ത്തു കൊണ്ടിരിക്കുന്ന അന്വേഷണ ഏജന്‍സിയായി ഇ.ഡി മാറിക്കഴിഞ്ഞതായി സി.പി.എം കേരളഘടകവും അടുത്തിടെ ആരോപിച്ചിരുന്നു. കേരളത്തിൽ സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കാന്‍ വന്നവര്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായും കേരളാ സി.പി.എം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.