പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവെച്ചു
text_fieldsചണ്ഡീഗഡ്: എ.എ.പി സർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെ, പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് രാജി. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ ഗവർണർ വൈകുന്നതിൽ പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാരിന് കടുത്ത എതിർപ്പുണ്ടായിരുന്നു. സംസ്ഥാനത്തെ ഭിന്നാഭിപ്രായമുള്ള നിരവധി ബില്ലുകളിൽ ഗവർണർ ഒപ്പുവെച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട തർക്കം സുപ്രീംകോടതി പരിഗണനയിലാണ്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ വൈകിപ്പിക്കുന്നതിൽ ഗവർണർക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
ഗവർണർ ബില്ലുകളിൽ ഒപ്പിടാതെ വന്നതോടെ പഞ്ചാബ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ബിൽ തീരുമാനമെടുക്കാതെ അനന്തമായി തടഞ്ഞുവെക്കാനാവില്ലെന്നും നിയമസഭയുടെ നിയമനിർമാണ അധികാരങ്ങളെ അട്ടിമറിക്കാൻ ഗവർണർക്ക് സാധിക്കില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.
അയൽ സംസ്ഥാനങ്ങളായ പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമായ ചണ്ഡീഗഡിലെ കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്മിനിസ്ട്രേറ്റർ സ്ഥാനവും പുരോഹിത് രാജിവച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച കത്തിൽ അദ്ദേഹം ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്. രണ്ടുവരിയുള്ള രാജിക്കത്താണ് പുരോഹിത് രാഷ്ട്രപതിക്ക് അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.