ബോളിവുഡ് സംഗീത സംവിധായകൻ ബപ്പി ലാഹിരി അന്തരിച്ചു
text_fieldsമുംബൈ: പ്രശസ്തബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബാപ്പി ലാഹിരി അന്തരിച്ചു. 69 വയസ്സായിരുന്നു. മുംബൈയിലെ മുംബൈ ക്രിട്ടികെയര്‍ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 80 കളിലും 90 കളിലും ഇന്ത്യയിൽ ഡിസ്കോ സംഗീതം ജനകീയമാക്കിയ ഗായകനാണ് ബപ്പി ലാഹിരി.
''ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലാഹിരിയെ തിങ്കളാഴ്ചയാണ് ഡിസ്ചാർജ് ചെയ്തത്. എന്നാൽ ചൊവ്വാഴ്ച അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോക്ടര്‍ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഒ.എസ്.എ (ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ) മൂലം അർധരാത്രിക്ക് തൊട്ടുമുമ്പ് അദ്ദേഹം മരിച്ചു''- ഡോ ദീപക് നംജോഷി പി.ടി.ഐയോട് പറഞ്ഞു.
1973 മുതൽ സിനിമാ പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു ബാപ്പി ലാഹിരി. 'ഡിസ്കോ ഡാൻസർ' എന്ന സിനിമയിലെ ഗാനങ്ങൾ 'ചൽതേ ചൽതേ', 'ഡിസ്കോ ഡാൻസർ', 'ഹിമ്മത്വാല', 'ഷരാബി', 'ഗിരഫ്താർ', 'കമാൻഡോ', 'ഗുരു' എന്നിങ്ങനെ നിരവധി സിനിമകളിലെ ഗാനങ്ങൾ ആലപിച്ചു. 'ഡിസ്കോ ഡാൻസറി'ലെ സംഗീത സംവിധാനം നിർവഹിച്ചതും ഇദ്ദേഹമാണ്.
1985 ൽ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിരുന്നു. 'ദ ഡേർട്ടി പിക്ചറി'ലെ 'ഊലാലാ' എന്ന ഗാനം, 'ഗുണ്ടേ'യിലെ 'തൂനെ മാരി' എൻട്രിയാ, 'ബദ്രിനാഥ് കി ദുൽഹനിയ' എന്ന ചിത്രത്തിലെ 'തമ്മാ തമ്മാ' എന്നിവയാണ് പുതിയ കാലത്തെ പാട്ടുകൾ. 'ബാഗി 3' യിലാണ് ഏറ്റവും ഒടുവിലായി പാടിയത്. ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ ഭാഷകളിലും ബാപ്പി ലാഹിരി പാടിയിട്ടുണ്ട്.
2014ൽ ലാഹിരി ബി.ജെ.പിയിൽ ചേർന്നു. അതേവർഷം പശ്ചിമ ബംഗാളിലെ ശ്രീറാംപുരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.