പാതയോര വിലക്ക് മറികടക്കാന്‍ മദ്യലോബിയുടെ കുറുക്കുവഴി
text_fieldsന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പന നിരോധിച്ച സുപ്രീംകോടതി ഉത്തരവ് മദ്യമുതലാളിമാര്‍ക്കുവേണ്ടി വ്യാഖ്യാനിക്കാന്‍ കേരളം കുറുക്കുവഴി തേടി. സംസ്ഥാനത്തെ ബാറുടമകളുമായി ചേര്‍ന്ന് കേരള സര്‍ക്കാര്‍ നടത്തിയ നീക്കത്തിലാണ് അറ്റോണി ജനറലിന്‍െറ സാധുതയില്ലാത്ത നിയമോപദേശവുമായി രംഗത്തുവന്നത്. സുപ്രീംകോടതി വിധി ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ബാര്‍ ഹോട്ടലുകള്‍ക്കും ബാധകമാക്കി വിവിധ സംസ്ഥാനങ്ങള്‍ നടപ്പാക്കുന്നതിനിടയിലാണ് കേരള സര്‍ക്കാറിന്‍െറ വിചിത്രമായ നീക്കം. വിധിയില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് പൊടുന്നനെ പിന്‍വലിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
മുന്‍ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്‍െറ അധ്യക്ഷതയിലുള്ള ബെഞ്ച് ഡിസംബറില്‍ പുറപ്പെടുവിച്ച വിധിയില്‍ ദേശീയ സംസ്ഥാന ഹൈവേകളില്‍ മുഴുവന്‍ മദ്യഷാപ്പുകളും അടച്ചുപൂട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ പാതകള്‍ക്ക് 500 മീറ്റര്‍ ചുറ്റളവില്‍ ഒരു മദ്യഷാപ്പും പ്രവര്‍ത്തിക്കരുതെന്നും ഈ ദൂരപരിധിക്കപ്പുറത്തുള്ള ഷാപ്പുകളും റോഡുകളില്‍നിന്ന് കാണുന്നതരത്തിലാകരുതെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിധിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനും റോഡ് സുരക്ഷ ഉറപ്പുവരുത്താനുമാണ് നടപടിയെന്ന് വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ പുതിയ മദ്യഷാപ്പുകള്‍ തുടങ്ങാന്‍ കഴിയില്ളെന്ന് മാത്രമല്ല, നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മദ്യഷാപ്പുകള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ ലൈസന്‍സ് പുതുക്കിനല്‍കാനും അനുവാദമില്ല.
റസ്റ്റാറന്‍റുകളും ബാര്‍ ഹോട്ടലുകളുമടക്കമുള്ളവക്ക് വിലക്ക് ബാധകമാക്കിയാണ് ഹരിയാന, പശ്ചിമ ബംഗാള്‍, ഗോവ സര്‍ക്കാറുകള്‍ നടപടി തുടങ്ങിയത്. കൊല്‍ക്കത്ത നഗരത്തിലെ വിവിധ നക്ഷത്ര ബാര്‍ ഹോട്ടലുകള്‍ നിരോധനത്തില്‍ വരുമെന്ന് കണ്ടപ്പോള്‍ റോഡുകള്‍ ദേശീയ, സംസ്ഥാന പാതകളല്ലാതാക്കി പുനര്‍ വിജ്ഞാപനം നടത്താനാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തുനിഞ്ഞത്. അസമും പുതുച്ചേരിയും വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. മദ്യമുതലാളിമാരുടെ സമ്മര്‍ദത്തിന് വഴങ്ങി കേരളവും ഇതുപോലെ ഹരജി സമര്‍പ്പിച്ചെങ്കിലും ബിയറും വൈനും മദ്യമല്ളെന്ന നിലപാട് വന്‍ വിവാദമായതോടെ പിന്‍വലിക്കുകയായിരുന്നു. അതിനുശേഷമാണ് സുപ്രീംകോടതി വിധി മറികടക്കാന്‍ അറ്റോണി ജനറലിന്‍െറ നിയമോപദേശം എന്ന വിദ്യ മദ്യമുതലാളിമാര്‍ നിര്‍ദേശിച്ചതും സംസ്ഥാന സര്‍ക്കാര്‍ പയറ്റിയതും. വിധി പാതയോരങ്ങളിലെ ചില്ലറ മദ്യക്കടകള്‍ക്ക് മാത്രമാണെന്ന പ്രചാരണമാണ് സര്‍ക്കാറും ബാറുടമകളും ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കുകയാണ് ചെയ്തതെന്നും കോടതിയാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നുമാണ് അറ്റോണി ജനറലുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചത്. അറ്റോണിയുടെ അഭിപ്രായം കോടതിയില്‍ നിലനില്‍ക്കില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പോലീസ്, എക്സൈസ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് കര്‍മപദ്ധതി ആവിഷ്കരിച്ച് നിരോധനം മാര്‍ച്ച് 31നകം നടപ്പാക്കാനാണ് ചീഫ് സെക്രട്ടറിമാര്‍ക്കുള്ള നിര്‍ദേശം. വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹരജിയിലെ വിധി അനുകൂലമാകാതെ സാധുതയില്ലാത്ത നിയമോപദേശം കൊണ്ട് ബാറുടമകളുടെ താല്‍പര്യം സംരക്ഷിക്കാന്‍ സാധ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.