‘രാമക്ഷേത്ര പ്രതിഷ്ഠ ദിനം അവധി നൽകണം’; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് ബാർ കൗൺസിൽ
text_fieldsന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠ ദിനമായ ജനുവരി 22ന് അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് കത്തയച്ച് ബാർ കൗൺസിൽ. അവധി നൽകിയാൽ രാജ്യത്തെങ്ങുമുള്ള ജഡ്ജിമാർക്കും അഭിഭാഷകർക്കും കോടതി ജീവനക്കാർക്കുമെല്ലാം പ്രതിഷ്ഠ ചടങ്ങിലും അതോടനുബന്ധിച്ചുള്ള പരിപാടികളിലും പങ്കെടുക്കാനും നിരീക്ഷിക്കാനുമാവും. അടിയന്തരമായി പരിഗണിക്കേണ്ട കേസുകൾക്ക് പ്രത്യേക സംവിധാനമൊരുക്കുകയോ തൊട്ടടുത്ത ദിവസത്തേക്ക് മാറ്റുകയോ ചെയ്യാമെന്നും ബാർ കൗൺസിൽ ചെയർമാനും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ മനൻ കുമാർ മിശ്രയുടെ നേതൃത്വത്തിൽ നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.
ഈ അഭ്യർഥന അങ്ങേയറ്റം സഹാനുഭൂതിയോടെ പരിഗണിക്കുകയും ജനങ്ങളുടെ വികാരവുമായി പൊരുത്തപ്പെടുന്ന രീതിയിൽ ഈ ചരിത്ര സന്ദർഭം ആഘോഷിക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യണമെന്നും കത്തിൽ അഭ്യർഥിച്ചു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ അവധി നൽകണമെന്ന് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. താരത്തിന്‍റെ അഭ്യർഥന പ്രകാരം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള പരിശീലന സെഷനിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. കഴിഞ്ഞദിവസമാണ് മുംബൈയിലെ വീട്ടിലെത്തി കോഹ്ലിയെയും ഭാര്യ അനുഷ്ക ശർമയെയും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചത്. അഫ്ഗാനിസ്താനെതിരായ മൂന്നാം ട്വന്‍റി20 മത്സരത്തിൽ പങ്കെടുക്കാൻ ബംഗളൂരുവിലേക്ക് പോകുന്ന വഴി മുംബൈയിലെ വീട്ടിലെത്തി താരം ക്ഷണക്കത്ത് സ്വീകരിക്കുകയായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ, മുൻ നായകൻ എം.എസ്. ധോണി, മുൻതാരം ഗൗതം ഗംഭീർ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠ ചടങ്ങിൽ രാഷ്ട്രീയക്കാരും സന്യാസിമാരും സെലിബ്രിറ്റികളുമടക്കം 7000ത്തിലധികം പേരാണ് പങ്കെടുക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകുന്ന ചടങ്ങിന് വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും എത്തും.
അതിനിടെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകൾ അയോധ്യയിൽ തുടങ്ങിയതായി ക്ഷേത്രം ട്രസ്റ്റ് അംഗം പറഞ്ഞു. ചൊവ്വാഴ്ച നടന്ന ‘കലശ പൂജ’ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്രയും അദ്ദേഹത്തിന്റെ ഭാര്യയും മറ്റും ചേർന്നാണ് നടത്തിയത്. സരയൂ നദീ തീരത്തായിരുന്നു ചടങ്ങുകൾ. പൂജയുടെ ‘യജമാൻ’ ആയി കണക്കാക്കുന്നത് മിശ്രയെ ആണ്. അതിനാൽ എല്ലാ ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുക്കണം. സരയുവിലെ വെള്ളം നിറച്ച മൺകുടങ്ങൾ ക്ഷേത്ര സമുച്ചയത്തിലേക്ക് കൊണ്ടുവരും. 22ന് ഉച്ച 12.20നാണ് ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ. ഉച്ച ഒരു മണിക്കകം തന്നെ ഇത് പൂർത്തിയാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.