ബാർ കൗൺസിൽ കഠ്വയിലെ പ്രതികൾക്കൊപ്പം; റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് അഡ്വ. പി.വി. ദിനേശ്
text_fieldsന്യൂഡൽഹി: കഠ്വയിലെ എട്ടു വയസ്സുകാരിയെ ക്ഷേത്രത്തിൽ മാനഭംഗപ്പെടുത്തി കൊലചെയ്ത കേസിൽ പ്രതികളെയും അവരെ പിന്തുണക്കുന്ന സംഘ്പരിവാറിെൻറയും വാദഗതികൾ ഏറ്റെടുത്ത് സുപ്രീംകോടതിയിൽ ബാർ കൗൺസിൽ ഒാഫ് ഇന്ത്യയുടെ റിപ്പോർട്ട്. ബി.ജെ.പി നേതാവ് മനൻ കുമാർ മിശ്ര അധ്യക്ഷനായ ബാർ കൗൺസിലിെൻറ റിപ്പോർട്ടിനെതിരെ മലയാളിയായ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. പി.വി. ദിനേശിെൻറ നേതൃത്വത്തിൽ ഒരു വിഭാഗം അഭിഭാഷകർ നടത്തിയ ശക്തമായ ഇടപെടലിനെ തുടർന്ന് ബാർ കൗൺസിൽ പറയുന്നത് നോക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസിനു പറയേണ്ടി വന്നു.
കഠ്വ കേസ് സുപ്രീംകോടതി പരിഗണിക്കുന്ന ദിവസം കഠ്വയിലെയും ജമ്മുവിലെയും ബാർ അസോസിയേഷനുകളുടെ വാദഗതികൾക്ക് പുറമെ ബാർ കൗൺസിൽ ഒാഫ് ഇന്ത്യ റിട്ടയേഡ് ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിെൻറ റിപ്പോർട്ട് എന്ന പേരിൽ മുദ്രവെച്ച കവറിൽ കൈമാറിയ റിപ്പോർട്ടാണ് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചത്. കഠ്വയിലെ ക്രൂരകൃത്യത്തിന് പിടിയിലായ പ്രതികൾക്കൊപ്പം നിൽക്കുകയും കോടതി വളപ്പിൽ അഭിഭാഷകർ അതിക്രമം നടത്തിയത് നിഷേധിക്കുന്നതുമായിരുന്നു റിപ്പോർട്ട്.
കഠ്വയിലെയും ജമ്മുവിലെയും ബാർ അസോസിയേഷനുകളുടെ വാദഗതികൾ അപ്പടി പകർത്തിയെഴുതിയതാണ് ബാർ കൗൺസിൽ റിപ്പോർട്ട് എന്ന് അഡ്വ. പി.വി. ദിനേശ് കുറ്റപ്പെടുത്തി. നിലവിൽ നടത്തിയ അന്വേഷണം അട്ടിമറിച്ച് പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി സി.ബി.െഎ കേസ് ഏറ്റെടുക്കണമെന്ന കഠ്വയിലെയും ജമ്മുവിലെയും അഭിഭാഷകരുടെ ആവശ്യം ബാർ കൗൺസിൽ ഏറ്റെടുത്തത് ദിനേശ് ചോദ്യംചെയ്തു.
ഇതുകൂടാതെ ജമ്മു പ്രത്യേക മതക്കാർക്കുള്ളതാണെന്നുള്ള ജമ്മു ബാർ അസോസിയേഷൻ സമർപ്പിച്ച റിപ്പോർട്ടിലെ വർഗീയമായ പരാമർശത്തിെൻറ ചുവടുപിടിച്ച് കഠ്വ സംഭവത്തിൽ ജനസംഖ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളുണ്ടെന്നും അത് അന്വേഷിക്കണമെന്നും ബാർ കൗൺസിൽ ആവശ്യപ്പെട്ടതും ദിനേശ് ചൂണ്ടിക്കാട്ടി. അഭിഭാഷകരുടെ കൈയേറ്റം നടന്നിട്ടില്ലെന്നാണ് ബാർ കൗൺസിലും പറയുന്നത്. കഠ്വ കോടതിയിൽ അഭിഭാഷകരുടെ ഭാഗത്തുനിന്നുണ്ടായ അപരാധവും കൃത്യവിലോപവും അന്വേഷിക്കുന്നതിനു പകരം അതിനപ്പുറം കടന്നിരിക്കുകയാണ് ബി.സി.െഎ എന്ന് ദിനേശ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.