ആശയക്കുഴപ്പത്തിലാണ് ബാരാമതി
text_fieldsബാരാമതി(മഹാരാഷ്ട്ര): രാഷ്ട്രീയ, സാമ്പത്തിക, സാമൂഹികമായി മഹാരാഷ്ട്രയിലെ കരുത്തുറ്റ കുടുംബമാണ് പവാർ കുടുംബം. കുടുംബകാരണവരാണ് പലതവണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും കേന്ദ്രത്തിൽ പ്രതിരോധ, കൃഷി മന്ത്രിയുമായിരുന്ന ശരദ് പവാർ.
രാഷ്ട്രീയ കരുനീക്കങ്ങളുടെ ചാണക്യൻ. കുടുംബത്തെ അധികാര കേന്ദ്രങ്ങളിൽ എത്തിച്ചതും അദ്ദേഹം. 'ദ മറാത്ത സ്ട്രോങ് മാൻ' എന്ന വിശേഷണം ഇന്നും മങ്ങാതെ തിളങ്ങുന്നു.
ആ പവാറിനെ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കാനുള്ള പോരിനാണ് ബാരാമതി ലോക്സഭാ മണ്ഡലത്തിൽ കളമൊരുങ്ങുന്നത്. മുമ്പ് ജാതി സമവാക്യങ്ങളെണ്ണി പലരെയും നിർത്തി പരീക്ഷിച്ചിട്ടും വഴങ്ങാത്ത ബാരാമതിയിൽ പവാർ കുടുംബപ്പോരിനു കളമൊരുക്കിയിരിക്കുകയാണ് ബി.ജെ.പി. പവാറിന്റെ തണലിൽ വളർന്നു പന്തലിച്ച ജ്യേഷ്ഠന്റെ പുത്രൻ അജിത് പവാറിലൂടെ എൻ.സി.പിയെ പിളർത്തിയതിനു പിന്നാലെ അജിത്തിന്റെ ഭാര്യ സുനെത്ര പവാറിനെ ഭരണപക്ഷ സഖ്യമായ മഹായൂതിയുടെ സ്ഥാനാർഥിയാക്കിയിരിക്കുകയാണ് ബി.ജെ.പി.
ഹാട്രിക് വിജയത്തിന് ശേഷം നാലാമങ്കത്തിന് ഇറങ്ങിയ പവാറിന്റെ മകൾ സുപ്രിയയും സുനെത്ര പവാറും കൊമ്പുകോർക്കുന്നതിനാൽ ബാരാമതി രാജ്യശ്രദ്ധ നേടിയിരിക്കുന്നു. പവാർ പിന്തുണക്കുന്നവർ മാത്രം ജയിക്കുന്ന കഴിഞ്ഞ നാലോളം പതിറ്റാണ്ടിന്റെ പാരമ്പര്യം വെല്ലുവിളി നേരിടുന്നു.
പവാറിന് അനുകൂലമായ സഹതാപം ശമിപ്പിക്കാൻ മോദി vs ഗാന്ധി എന്നാണ് ബാരാമതിയിലെ മത്സരത്തെ ബി.ജെ.പി വിശേഷിപ്പിക്കുന്നത്. എന്നാൽ ബാരാമതിയിലെ ജനങ്ങൾക്കിത് അങ്ങനെയല്ല. സാഹെബ് (ശരദ് പവാർ ) vs ദാദ (അജിത് പവാർ) ആണ്. അതുകൊണ്ട് ആരു ജയിക്കുമെന്ന ചോദ്യത്തിന് ഓരോ മുഖത്തും തെളിയുന്നത് ആശയക്കുഴപ്പം ചാലിച്ച പുഞ്ചിരിയാണ്. ജലക്ഷാമം ഒഴിച്ചാൽ വികസനത്തിന് മുട്ടൊന്നുമില്ല ബാരാമതിയിൽ.
കേന്ദ്രസർക്കാറിന്റെ കാർഷിക നയങ്ങളിൽ പ്രതിഷേധമുണ്ട്. മത, ആചാര കാര്യങ്ങളിൽ പരസ്പര പങ്കുവെക്കലുകൾ തന്നെ ആചാരമായി മാറിയ സാമൂഹിക കൂട്ടായ്മയുണ്ട് ഇവിടെ. ബി.ജെ.പിയുടെ വർഗീയ വിഭജന നയം ഇവിടത്തെ സാമൂഹിക കെട്ടുറപ്പിനെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന പേടിയും ഡോ. രാംദാസ് കുട്ടേയെ പോലുള്ളവർ പ്രകടിപ്പിക്കുന്നു. എങ്കിലും ദാദയോടുള്ള കൂറ് അവരെ അലട്ടുന്നുണ്ട്.
ഗ്രാമീണ തലങ്ങളിൽ ശരദ് പവാറിനോടുള്ള കൂറ് സുപ്രിയയെ തുണച്ചേക്കുമെന്നാണ് കരുതുന്നത്. മുമ്പത്തെപ്പോലെയല്ല ബാരാമതി മണ്ഡലത്തിൽ നഗരസാന്നിധ്യം കൂടിയിട്ടുണ്ട്.
നഗരങ്ങളിലാകട്ടെ ബി.ജെ.പി പതിയെ പിടിമുറുക്കുന്നതായാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകൾ വ്യക്തമാക്കുന്നത്. നഗരത്തിലെ എൻ.സി.പി വോട്ടിൽ ഏറിയ പങ്കും സുനെത്ര പവാറിനാകും. മത്സരിക്കുന്നത് സുനേത്രയാണെങ്കിലും ജനമനസ്സിൽ അജിത് പവാറാണ്. അതാണ് സുപ്രിയ നേരിടുന്ന വെല്ലുവിളി.
സുനേത്ര സൂക്ഷ്മതയോടെയാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഭർത്താവിനുവേണ്ടി മത്സരിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണ് എന്നവർ പറയുന്നു. നാടിന്റെ ഭാവി മുന്നിൽക്കണ്ടാണ് അജിത് എൻ.ഡി.എയുടെ ഭാഗമായത്.
ഇതിലേക്ക് കുടുംബത്തെ വലിച്ചിഴക്കേണ്ടതില്ല. നാടിന്റെ ഭാവിയാണ് മുഖ്യം -സുനേത്ര പറയുന്നു.തന്റേത് പ്രത്യയശാസ്ത്ര പോരാട്ടമാണെന്ന് സുപ്രിയ പറയുമ്പോഴും പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യം കാക്കലാണ് മുഖ്യം. നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ അജിത്ത് ‘പവർഫുൾ’ആണ്. എല്ലാം അജിത്തിനെ ഏൽപ്പിച്ചത് ശരദ് പവാർ ചെയ്ത അബദ്ധമാണെന്ന് അവർ സ്വകാര്യമായി പറയുന്നു.
വെട്ടൊന്ന് തുണ്ടം രണ്ടെന്ന പ്രകൃതക്കാരനായ അജിത് പവാർ ഉണ്ടാക്കിവെച്ച ശത്രുക്കളാണ് ബി.ജെ.പിക്ക് തലവേദന. അജിത് കാരണം കോൺഗ്രസും എൻ.സി.പിയും വിട്ട് ബി.ജെ.പിയിലെത്തിയ നേതാക്കൾ ഏറെയുണ്ട്.
ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനയിലുമുണ്ട് അജിതിന് ശത്രുക്കൾ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം ശരദ് പവാറിന്റെ ‘മാജിക്’പ്രതീക്ഷിക്കുന്നുണ്ട്. അത് ജനഹൃദയത്തെ വൈകാരികമായി തൊടുമെന്ന് അവർ കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.