ബാരാമതി വിധിയെഴുതും; ‘പവർ’ ആർക്ക്
text_fieldsമുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ അജിത് പവാറിന് ബാരാമതിയിൽ ജയിക്കണം. വീണുപോയാൽ രാഷ്ട്രീയമായി തളർന്നുപോകും. എട്ടാമൂഴത്തിന് ഇറങ്ങുന്ന അജിത്തിന് മുന്നിൽ മുമ്പെങ്ങുമില്ലാത്ത വെല്ലുവിളിയാണ്. സ്വന്തം സഹോദര പുത്രൻ യുഗേന്ദ്ര പവാറാണ് എതിരാളി. കന്നിയങ്കക്കാരൻ. എങ്കിലും മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉപമുഖ്യമന്ത്രിപദത്തോളം കൈപിടിച്ചുയർത്തിയ പിതൃ സഹോദരൻ ശരദ് പവാറിന്റെ തന്ത്രങ്ങളോടാണ് അജിത് ഏറ്റുമുട്ടേണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പവാറിന്റെ മകൾ സുപ്രിയ സുലേക്കെതിരെ ബാരാമതിയിൽ ഭാര്യ സുനേത്രയെ നിർത്തി പരാജയമറിഞ്ഞതാണ്. തന്റെ നിയമസഭ മണ്ഡലത്തിൽ പോലും 47,000ത്തിലേറെ ലീഡ് സുപ്രിയ നേടിയത് അജിത്തിനെ അലട്ടുന്നു.
മൂന്നര പതിറ്റാണ്ടിനിടയിൽ ബാരാമതിയിൽ കൊണ്ടുവന്ന വികസനത്തിന്റെയും ഭാവി പദ്ധതിയുടെയും പേരിലാണ് അജിത്തിന്റെ വോട്ടുതേടൽ. മറുകണ്ടം ചാടുംവരെ അജിത് പവാർ ശരദ് പവാറിന്റെ തണലിലായിരുന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് യുഗേന്ദ്ര പവാർ ഇതിനെ നേരിടുന്നത്. യുഗേന്ദ്രക്കൊപ്പം പവാറിന്റെ മറ്റൊരു സഹോദരന്റെ പേരക്കുട്ടി രോഹിത് പവാറും സുപ്രിയയും നിഴലുപോലെയുണ്ട്. ബി.ജെ.പിക്കെതിരായ പ്രത്യയശാസ്ത്ര പോരാട്ടമാണിതെന്ന് അവർ ഏകസ്വരത്തിൽ പറയുന്നു. പാർട്ടി പിളർത്തിയത് ഡൽഹിയിലെ അദൃശ്യശക്തിയെന്ന് ആവർത്തിക്കുന്നു. ‘ വിരമിക്കൽ സൂചന’ നൽകി പവാർ തൊടുത്ത വൈകാരിക അസ്ത്രം കൊള്ളേണ്ടിടത്ത് കൊണ്ടെന്നാണ് സൂചന. ആദ്യ 30 വർഷം തന്റെ കൈയിലായിരുന്നു ബാരാമതിയുടെ നേതൃത്വമെങ്കിൽ കഴിഞ്ഞ 30 വർഷം അത് അജിത്തിന്റെ കൈകളിലായിരുന്നു. അജിത് ഉത്തരവാദിത്തം നന്നായി നിർവഹിച്ചു. ഇനി വരുന്ന 30 വർഷത്തെ നേതൃത്വം പുതിയ തലമുറയെ ഏൽപിക്കണം. അതിന് 'വിദ്യാസമ്പന്നനും കാർഷികപാരമ്പര്യം മുറുകെപ്പിടിക്കുന്നവനു'മായ യുഗേന്ദ്രയെ ജയിപ്പിക്കണമെന്ന് പവാർ ബാരാമതിക്കാരോട് പറഞ്ഞു.
പവാറിനെതിരെ എതിർപക്ഷത്തുയരുന്ന ആക്ഷേപങ്ങളൊക്കെ ജനങ്ങളെ വൈകാരികമായി അദ്ദേഹത്തിലേക്ക് അടുപ്പിക്കുന്നു. മഹാരാഷ്ട്രയെ പവാർ തന്റെ മുഖംപോലെ വികൃതമാക്കുമെന്നു പറഞ്ഞ സഖ്യകക്ഷി നേതാവ് സാദാഭാഉ ഖോതിനെക്കൊണ്ട് അജിത് പരസ്യമായി മാപ്പ് പറയിപ്പിച്ചത് അതുകൊണ്ടാണ്. തകർന്നു തരിപ്പണമായ പാർട്ടിയെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉയർത്തെഴുന്നേൽപിച്ച ആത്മവിശ്വാസമുണ്ട് ശരദ് പവാറിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.