ബാർജ് അപകടം: മരിച്ചവരിൽ ഒരു മലയാളികൂടി; കാണാതായ 16 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
text_fieldsമുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ അറബിക്കടലിൽ ബാർജ് മുങ്ങി കാണാതായ ഒരു മലയാളിയുടെ മൃതദേഹംകൂടി തിരിച്ചറിഞ്ഞു. പത്തനംതിട്ട അടൂർ പഴകുളം സ്വദേശി വിവേക് സുരേന്ദ്രെൻറ (33) മൃതദേഹമാണ് തിങ്കളാഴ്ച തിരിച്ചറിഞ്ഞത്. ഡി.എൻ.എ പരിശോധനക്കായി അദ്ദേഹത്തിെൻറ സഹോദരനിൽനിന്ന് രക്തസാമ്പിളുകൾ എടുത്തിരുന്നു. മാത്യൂസ് കമ്പനിയിൽ സേഫ്റ്റി ഒാഫിസറാണ്. മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിലെത്തിക്കും.
ഇതോടെ, ബാർജ് ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം എട്ടായി. കാണാതായവരുടെ കൂട്ടത്തിൽ ഇനി മലയാളികളില്ല. ബാർജും വെസലും മുങ്ങി കാണാതായവരിൽ ശേഷിച്ച 16 പേരുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തി. ഇതോടെ മരണം 86 ആയി. റായ്ഗഢ്, വൽസാദ്, ദമൻ തീരങ്ങളിൽ അടിഞ്ഞ 16 മൃതദേഹങ്ങൾ അപകടത്തിൽപെട്ട 'പി 305' ബാർജിലെയും 'വരപ്രദ' വെസലിലെയും ജീവനക്കാരുടേതാണെന്ന് തിരിച്ചറിഞ്ഞു.
മുൻ നാവികസേന ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ നാഗേന്ദ്ര കുമാറിേൻറത് അടക്കം വരപ്രദയിലെ 11ഉം പി 305 ലെ അഞ്ചും പേരെയായിരുന്നു കണ്ടെത്താനുണ്ടായിരുന്നത്. കണ്ണൂർ സ്വദേശി സനീഷ് തോമസ്, പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണൻ, കൊല്ലം സ്വദേശി ആൻറണി എഡ്വിൻ, തൃശൂരുകാരൻ അർജുൻ മുനപ്പി, കോട്ടയം സ്വദേശി സസിൻ ഇസ്മായിൽ, വയനാട്ടുകാരായ സുമേഷ്, ജോമിഷ് ജോസഫ് എന്നിവരാണ് മരിച്ച മറ്റ് മലയാളികൾ.
27 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്. പി 305 ബാർജിനു പുറമെ കടലിനടിയിൽ വെസൽ വരപ്രദയും നാവികസേനയുടെ മുങ്ങൽ വിദഗ്ധർ കണ്ടെത്തി. 17നാണ് ടൗട്ടെ ചുഴലിക്കാറ്റിൽ ഒ.എൻ.ജി.സിയുടെ എണ്ണക്കിണറുകളിൽ വിവിധ ജോലികളിൽ ഏർപ്പെട്ട മൂന്ന് ബാർജുകൾക്കും ഒരു എണ്ണക്കിണർ പ്ലാറ്റ്ഫോമിനും നിയന്ത്രണം നഷ്ടപ്പെട്ടത്. ചുഴലിയിൽ നങ്കൂരങ്ങൾ തകരുകയായിരുന്നു. ഇവയിൽ പി 305 ബാർജും ബാർജിനെ കെട്ടിവലിക്കാൻ ചെന്ന വരപ്രദ എന്ന വെസലുമാണ് മുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.