ബാർജ് അപകടം: ഒ.എൻ.ജി.സി എക്സിക്യൂട്ടിവ് ഡയറക്ടർമാർക്ക് സസ്പെൻഷൻ
text_fieldsമുംബൈ: അറബിക്കടലിൽ ടൗട്ടെ ചുഴലിക്കാറ്റിൽപെട്ട് ബാർജ് മുങ്ങി എട്ട് മലയാളികളുൾപ്പെടെ 86 പേർ മരിച്ച സംഭവത്തിൽ മൂന്ന് എക്സിക്യൂട്ടിവ് ഡയറക്ടർമാരെ ഒ.എൻ.ജി.സി സസ്പെൻഡ് ചെയ്തു. എണ്ണ ഖനനം, സുരക്ഷ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന എക്സിക്യൂട്ടിവ് ഡയറക്ടർമാരെയാണ് പെട്രോളിയം മന്ത്രാലയം നിയോഗിച്ച അന്വേഷണ സമിതിയുടെ ശിപാർശ പ്രകാരം സസ്പെൻഡ് ചെയ്തത്.
ഇവർ അന്വേഷണത്തിൽ ഇടപെടാതിരിക്കാനാണത്രെ നടപടി. മുങ്ങിയ പി 305 ബാർജിെൻറ ക്യാപ്റ്റൻ ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി ബന്ധപ്പെട്ട് ഒ.എൻ.ജി.സി അധികൃതർക്ക് അയച്ച ഇ-മെയിൽ അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. തുടർ നിർദേശവും സുരക്ഷ നടപടികളും ഇ-മെയിലിൽ ക്യാപ്റ്റൻ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഉദ്യോഗസ്ഥരെ അപമാനിക്കുകയാണെന്ന് ആരോപിച്ച് സസ്പെൻഷനെതിരെ ഒ.എൻ.ജി.സി ഉദ്യോഗസ്ഥരുടെ സംഘടനയായ അസോസിയേഷൻ ഒാഫ് സയൻറിഫിക് ആൻഡ് ടെക്നിക്കൽ ഒാഫിസേഴ്സ് രംഗത്തുവന്നു. സംഭവസമയത്ത് കടലിൽ 22 ബാർജുകളുണ്ടായിരുന്നു. ഒ.എൻ.ജി.സിയുടെ കാലാവസ്ഥ നിർദേശം പാലിച്ച് 19 ബാർജുകൾ തിരിച്ചുവന്നപ്പോൾ നിർദേശം ലംഘിച്ചാണ് അഫ്കോൺസ് കമ്പനിയുടെ മൂന്നു ബാർജുകൾ കടലിൽ തുടർന്നതും ദുരന്തത്തിൽപെട്ടതും. ഒ.എൻ.ജി.സി ഉദ്യോഗസ്ഥർക്ക് എതിരായ നടപടി വസ്തുതയുടെ അടിസ്ഥാനത്തിലല്ല. നടപടി പിൻവലിച്ച് അഫ്കോൺസ് കമ്പനിക്കെതിരെ അന്വേഷിക്കണം -അസോസിയേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.