ബസവരാജ് ബൊമ്മൈ കർണാടക മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ
text_fieldsബംഗളൂരു: ബി.എസ്. യെദിയൂരപ്പയുടെ വിശ്വസ്തനായ ബസവരാജ് ബൊമ്മൈയെ (61) കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി തെരെഞ്ഞടുത്തു. ബുധനാഴ്ച ൈവകീട്ട് 3.20 ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. ചൊവ്വാഴ്ച രാത്രി ഏഴിന് നടന്ന ബി.ജെ.പി നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ സർക്കാറിൽ ആഭ്യന്തരമന്ത്രിയായിരുന്ന ലിംഗായത്തുകാരനായ ബസവരാജിനെ തനിക്ക് പിൻഗാമിയാക്കണമെന്ന യെദിയൂരപ്പയുടെ ആവശ്യം നേതൃത്വം അംഗീകരിക്കുകയായിരുന്നു. യോഗത്തിൽ യെദിയൂരപ്പയുടെ നിർദേശത്തെ ഉപമുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് കർജോൽ പിന്താങ്ങി. യെദിയൂരപ്പയുടെ രാജിയെ തുടർന്ന് കർണാടകയിലെ ലിംഗായത്ത് മഠാധിപതികളിൽനിന്നുയർന്ന പ്രതിഷേധംകൂടി കണക്കിലെടുത്താണ് മറ്റു പരീക്ഷണങ്ങൾക്ക് മുതിരാതെ ബി.ജെ.പി തീരുമാനം. സമുദായ സമവാക്യം പരിഗണിച്ച് ഉപമുഖ്യമന്ത്രിമാരെ നിശ്ചയിക്കാനും ധാരണയായി.
പൊതുവെ വിവാദങ്ങളിൽനിന്നൊഴിഞ്ഞുനിൽക്കുന്ന, ആർ.എസ്.എസ് പശ്ചാത്തലമില്ലാത്ത മുഖ്യമന്ത്രി കൂടിയാണ് അദ്ദേഹം. ജനത പാർട്ടിയുടെ മുൻ മുഖ്യമന്ത്രി എസ്.ആർ. ബൊമ്മെയുടെ മകനാണ്. എച്ച്.ഡി. ദേവഗൗഡ, രാമകൃഷ്ണ ഹെഗ്ഡെ തുടങ്ങിയ മുതിർന്ന ജനതാദൾ നേതാക്കളോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ജനതാദൾ യുനൈറ്റഡിൽനിന്ന് 2008 ഫെബ്രുവരിയിൽ ബി.ജെ.പിയിൽ ചേർന്ന അദ്ദേഹം ആദ്യ യെദിയൂരപ്പ സർക്കാറിൽ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു. രണ്ടു തവണ എം.എൽ.സിയും മൂന്നു തവണ എം.എൽ.എയുമായി. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ അദ്ദേഹം മുമ്പ് ടാറ്റ ഗ്രൂപ്പിൽ എൻജിനീയറായിരുന്നു. ഹുബ്ബള്ളി^ ധാർവാഡ് സ്വദേശിയാണ്.
നിയമസഭ കക്ഷിയോഗത്തിനുശേഷം ബസവരാജ് ബൊമ്മൈ രാജ്ഭവനിലെത്തി ഗവർണർ താവർചന്ദ് ഗഹ്ലോട്ടിനെ കണ്ടു. െഎകകണ്ഠ്യേനയാണ് തന്നെ തെരെഞ്ഞടുത്തതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി യെദിയൂരപ്പയുടെയും പാർട്ടിയുടെയും പ്രതീക്ഷക്കൊത്ത് ഭരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. ജനകീയ ഭരണം കാഴ്ചവെക്കും. കോവിഡ് പ്രതിസന്ധിയിൽ ഉലഞ്ഞ സംസ്ഥാനത്തിെൻറ സാമ്പത്തിക സാഹചര്യം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബൊമ്മൈ പറഞ്ഞു.
ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ ചേർന്ന നിയമസഭ കക്ഷിയോഗത്തിൽ കർണാടകയുടെ ചുമതലയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറി അരുൺ സിങ്, കേന്ദ്ര മന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, ജി. കിഷൻ റെഡ്ഡി, ജനറൽ സെക്രട്ടറി സി.ടി. രവി തുടങ്ങിയവർ നിയമസഭ കക്ഷി യോഗത്തിൽ പെങ്കടുത്തു. ചൊവ്വാഴ്ച രാവിലെ യെദിയൂരപ്പയുടെ വീട്ടിലെത്തി അരുൺസിങ്ങും സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലും ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.