കളം മാറി; ബസവരാജ് ഹൊരട്ടി വീണ്ടും കർണാടക നിയമനിർമാണ കൗൺസിൽ ചെയർമാൻ
text_fieldsബംഗളൂരു: രാഷ്ട്രീയ കളംമാറി ചവിട്ടിയിട്ടും ബസവരാജ് ഹൊരട്ടി തന്നെ വീണ്ടും കർണാടക നിയമനിർമാണ കൗൺസിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച എതിരില്ലാതെയാണ് ഹൊരട്ടി ചെയർമാൻ പദവിയിലേറിയത്. എട്ടു തവണ എം.എൽ.സിയായ 76കാരനായ ബസവരാജ് ഹൊരട്ടി ദീർഘകാലത്തെ ജനതാ പരിവാർ ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ മേയിലാണ് ജെ.ഡി-എസിൽനിന്ന് രാജിവെച്ചത്.
ഉപരിസഭ ചെയർമാനായിരിക്കെ എം.എൽ.സി സ്ഥാനവും രാജിവെച്ച് അദ്ദേഹം ബി.ജെ.പിയിൽ ചേക്കേറുകയായിരുന്നു.75 അംഗ നിയമനിർമാണ കൗൺസിലിൽ ഭൂരിപക്ഷമുള്ള ബി.ജെ.പിയുടെ സ്ഥാനാർഥിയായി അദ്ദേഹം വീണ്ടും ചെയർമാനാവുമെന്നുറപ്പായതിനാൽ പ്രതിപക്ഷ നിരയിൽനിന്ന് കോൺഗ്രസോ ജെ.ഡി-എസോ സ്ഥാനാർഥികളെ രംഗത്തിറക്കിയിരുന്നില്ല.
കോൺഗ്രസും ജെ.ഡി-എസും സഖ്യം ചേരാനുള്ള സാധ്യത വിരളമായതിനാൽ നേരത്തേതന്നെ അദ്ദേഹം വിജയമുറപ്പിച്ചിരുന്നു. ബി.ജെ.പി അംഗമായ രഘുനാഥ് റാവു മാൽകാപുരെ ഇടക്കാല സ്പീക്കറുടെ ചുമതല വഹിച്ചു.ബെളഗാവിയിലെ സുവർണ വിധാൻ സൗധയിൽ നടന്ന ചടങ്ങിന് സാക്ഷിയാകാൻ ഹൊരട്ടിയുടെ കുടുംബാംഗങ്ങളും സന്ദർശക ഗാലറിയിലെത്തി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അടക്കമുള്ളവർ ബസവരാജ് ഹൊരട്ടിയെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.