ബട്ല ഹൗസ് ഏറ്റുമുട്ടൽ: 'ഇന്ത്യൻ മുജാഹിദ്ദീൻ' പ്രവർത്തകൻ കുറ്റക്കാരനെന്ന് കോടതി
text_fieldsന്യൂഡൽഹി: വിവാദമായ 2008ലെ ബട്ല ഹൗസ് ഏറ്റുമുട്ടലിനിടെ ഡൽഹി പൊലീസ് ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമ കൊല്ലപ്പെട്ട കേസിൽ 'ഇന്ത്യൻ മുജാഹിദ്ദീനു'മായി ബന്ധമുള്ളതായി ആരോപിക്കുന്ന ആരിസ് ഖാൻ എന്നയാൾ കുറ്റക്കാരനെന്ന് അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. ആരിസ് ഖാൻ എന്ന ജുനൈദിനെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായെന്ന് ജഡ്ജി സന്ദീപ് യാദവ് 103പേജുള്ള വിധിയിൽ പറഞ്ഞു.
ആതിഫ് അമീൻ, സാജിദ്, ഷഹ്സാദ് എന്നിവരോടൊപ്പം ചേർന്ന് ആസൂത്രണം ചെയ്താണ് കൊലനടത്തിയത് എന്ന് വിധിന്യായത്തിൽ പറഞ്ഞു. ഇതിൽ ആതിഫ് അമീനും സാജിദും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഷഹ്സാദ് എന്ന പപ്പു കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശിക്ഷ സംബന്ധിച്ച് മാർച്ച് 15നു കോടതി വാദം കേൾക്കും. കേസിൽ പരമാവധി വധശിക്ഷ വരെ ലഭിക്കാം. സംഭവം നടന്ന് 10 വർഷത്തിനുശേഷമാണ് ആരിസ് ഖാൻ പിടിയിലായത്. കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങും സമാജ് വാദി, ബഹുജൻ സമാജ് വാദി പാർട്ടികളും മറ്റും ഏറ്റുമുട്ടൽ കൊലയിൽ സംശയം പ്രകടിപ്പിക്കുകയും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നും സിങ് പിന്നീട് പറഞ്ഞു. ഇതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഡൽഹി പൊലീസിെൻറ പ്രത്യേക വിഭാഗത്തിലെ ഇൻസ്പെക്ടറായിരുന്നു ശർമ. 2008 സെപ്റ്റംബർ 13നു രാജ്യത്തിെൻറ തലസ്ഥാന നഗരിയിലെ സ്ഫോടന പരമ്പരക്കു പിന്നാലെ ഒരാഴ്ചക്കു ശേഷം നടന്ന ഏറ്റുമുട്ടലിലാണ് ശർമ കൊല്ലപ്പെടുന്നത്.
ഡൽഹി സ്ഫോടനങ്ങളിൽ 30ഓളം പേർ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ പ്രതിഷേധിച്ച് നിരവധി പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. തുടർന്ന് ഡൽഹി ഹൈകോടതി നിർദേശപ്രകാരം ദേശീയ മനുഷ്യാവകാശ കമീഷൻ സംഭവത്തിൽ അന്വേഷണം നടത്തി ഡൽഹി പൊലീസിന് ക്ലീൻ ചിറ്റ് നൽകുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.