പ്രത്യയശാസ്ത്രപരമായ പോരാട്ടം തുടരും...; തെരഞ്ഞെടുപ്പ് പരാജയത്തിൽ രാഹുൽ ഗാന്ധി
text_fieldsന്യൂഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വമ്പൻ തിരിച്ചടിയാണ് ഉണ്ടായത്. അഭിപ്രായ സർവേ ഫലങ്ങളെ പോലും തെറ്റിച്ചാണ് ഛത്തിസ്ഗഢും പാർട്ടിയെ കൈവിട്ടത്.
സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാകുമെന്നാണ് ഭൂരിഭാഗും അഭിപ്രായ സർവേകളും പറഞ്ഞത്. ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി അവരുടെ സ്വാധീനം കൂടുതൽ ഉറപ്പിക്കുന്നു. തെലങ്കാനയിൽ ഭരണം പിടിക്കാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വസിക്കാൻ വകനൽകുന്നത്. തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചിരിക്കുകയാണ്.
ജനവിധി വിനയപൂര്‍വം അംഗീകരിക്കുന്നതായും പ്രത്യയശാസ്ത്രപരമായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
‘മധ്യപ്രദേശിലെയും ഛത്തിസ്ഗഢിലെയും രാജസ്ഥാനിലെയും ജനവിധി ഞങ്ങള്‍ വിനയപൂര്‍വം അംഗീകരിക്കുന്നു. പ്രത്യശാസ്ത്രപരമായ പോരാട്ടം തുടരും’ -രാഹുൽ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. കോൺഗ്രസിന് ഭരണം നൽകിയ തെലങ്കാനയിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
‘പ്രജാലു തെലങ്കാന’ (ജനങ്ങളുടെ തെലങ്കാന) യാഥാര്‍ഥ്യമാക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് ഉറപ്പ് നൽകുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി അധ്വാനിക്കുകയും പിന്തുണക്കുകയും ചെയ്ത എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും ഹൃദയം നിറഞ്ഞ നന്ദി പറയുന്നതായും രാഹുൽ വ്യക്തമാക്കി.
കോണ്‍ഗ്രസിനേറ്റത് താല്‍ക്കാലിക തിരിച്ചടി മാത്രമാണെന്നാണ് പാർട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്. നല്ല ഭരണത്തിന്‍റെയും വികസനത്തിന്‍റെയും രാഷ്ട്രീയത്തെ ജനം ഏറ്റെടുത്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മോദി നന്ദി പറഞ്ഞത്. ‘ഈ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അചഞ്ചലമായ പിന്തുണക്ക് നന്ദി പറയുന്നു, അവരുടെ ക്ഷേമത്തിനായി ഞങ്ങൾ അശ്രാന്തമായി പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു‘ -മോദി എക്സിൽ കുറിച്ചു. പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിച്ച നേതാക്കൾക്ക് പ്രത്യേകം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.