ബിബിസി ഡോക്യുമെന്ററി; ഡൽഹി സർവകലാശാലയിൽ 24 വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ‘ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ’ ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ച ഡൽഹി സർവകലാശാല (ഡി.യു) ആർട്‌സ് വിഭാഗത്തിലെ 24 വിദ്യാർഥികളെ ഡൽഹി പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു.
എൻ.എസ്.യു.ഐ, ബാപ്സ, ഫ്രറ്റേണിറ്റി മൂവ്മെന്റ്, ഭീം ആർമി തുടങ്ങിയ സംഘടനകളാണ് സർവകലാശാലയിൽ ഡോക്യുമെന്ററി പ്രദർശനം നടത്തിയത്.
ഡൽഹി സർവകലാശാല നോർത്ത് കാമ്പസിൽ കോൺഗ്രസിന്റെ കീഴിലുള്ള നാഷനൽ സ്റ്റുഡന്റ്സ് യൂനിയൻ വൈകുന്നേരം നാലിനും ഭീം ആർമി സ്റ്റുഡന്റ്സ് ഫെഡറേഷൻ ആർട്സ് ഫാക്കൽറ്റിക്ക് പുറത്ത് വൈകുന്നേരം അഞ്ചിനും പ്രദർശനം നടത്തുമെന്ന് അറിയിച്ചിരുന്നു.
ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ആർട്‌സ് ഫാക്കൽറ്റി ഗേറ്റിന് പുറത്ത് വൈകുന്നേരം നാലോടെ 20ഓളം പേർ എത്തിയതായും പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തതിനെ തുടർന്ന് 24 പേരെ കസ്റ്റഡിയിലെടുത്തതായും നോർത്ത് ഡി.സി.പി സാഗർ സിങ് കൽസി പറഞ്ഞു.
പ്രദർശനം സംബന്ധിച്ച് കഴിഞ്ഞദിവസം സർവകലാശാല അധികൃതർ ഡൽഹി പൊലീസിന് കത്തെഴുതിയിരുന്നു. വിദ്യാർഥി സംഘടനകൾ അധികൃതരുടെ അനുമതി തേടിയിട്ടില്ലെന്നും പ്രദർശനത്തിന് സമ്മതിക്കില്ലെന്നും ഡൽഹി യൂനിവേഴ്‌സിറ്റി പ്രോക്ടർ രജനി അബി വ്യക്തമാക്കി. ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ വിദ്യാർഥി സംഘടനകൾ ആഹ്വാനം ചെയ്തതിനെ തുടർന്ന് നോർത്ത് കാമ്പസിൽ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.
നോർത്ത് കാമ്പസിൽ 144 പ്രഖ്യാപിച്ചതായി പൊലീസ് പറഞ്ഞു.അതിനിടെ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിൽനിന്ന് എസ്.എഫ്.ഐ പ്രവർത്തകരെ തടയാൻ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ അംബേദ്കർ യൂനിവേഴ്‌സിറ്റി കാമ്പസിൽ കടന്നതായി വിദ്യാർഥികൾ ആരോപിച്ചു. ഡോക്യുമെന്ററി പ്രദർശനത്തെച്ചൊല്ലി ബുധനാഴ്ച ജാമിഅ മില്ലിയ്യ ഇസ്‍ലാമിയയിലും ചൊവ്വാഴ്ച ജവഹർലാൽ നെഹ്‌റു സർവകലാശാലയിലും സംഘർഷം അരങ്ങേറിയിരുന്നു.
അതിനിടെ കൊൽക്കത്തയിലെ ജാദവ്പുർ സർവകലാശാലയിൽ വ്യാഴാഴ്ചയും പ്രസിഡൻസി സർവകലാശാലയിൽ വെള്ളിയാഴ്ചയും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ജാദവ്പുർ സർവകലാശാലയിൽ നടന്ന പ്രദർശനത്തിൽ പൊലീസോ സംസ്ഥാന സർക്കാറോ ഇടപെട്ടിട്ടില്ലെന്ന് എസ്.എഫ്.ഐ പറഞ്ഞു.
പ്രസിഡൻസി സർവകലാശാലയിൽ വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. എന്നാൽ, പിന്നീട് പുനരാരംഭിക്കുകയും ആദ്യഭാഗം പ്രദർശിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.