ബി.ബി.സി ഡോക്യുമെന്ററി രാജ്യത്തിനെതിരായ ഗൂഢാലോചന -പി.എസ് ശ്രീധരൻ പിള്ള
text_fieldsപനാജി: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തുന്ന ബി.ബി.സി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ ഇന്ത്യക്കെതിരായ ഗൂഢാലോചനയാണെന്ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള. പനാജിക്ക് സമീപം റിപ്പബ്ലിക്ദിന പരേഡിന് ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പ്രധാനമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്നത് രാജ്യത്തിനെതിരായ കടന്നാക്രമണവും രാജ്യത്തെ അപമാനിക്കലുമാണ്. നിലവിലെ വിവാദം ദുരുദ്ദേശ്യപരമാണ്. ബ്രിട്ടൻ ഇപ്പോൾ ഇന്ത്യയുടെ സൗഹൃദ രാജ്യമായതിനാൽ അതേരീതിയിൽ വിമർശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിഹത്യാ കേസുകളിൽ സാധാരണക്കാരെപ്പോലെ പ്രസിഡന്റും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും മന്ത്രിമാരുമൊന്നും കോടതിയെ സമീപിക്കാറില്ല. പബ്ലിക് പ്രോസിക്യൂട്ടർമാരാണ് അവർക്ക് വേണ്ടി ഹാജരാകുന്നത്. അതുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരായ വ്യക്തിഹത്യ രാജ്യത്തെ അപമാനിക്കലാണെന്ന് പറയുന്നത്. ബി.ബി.സി ഒരു സ്വതന്ത്ര മാധ്യമസ്ഥാപനല്ല, അത് ബ്രിട്ടീഷ് പാർലമെന്ററിനോട് ഉത്തരം പറയാൻ ബാധ്യതയുള്ള സ്ഥാപനമാണ്. ബ്രിട്ടീഷ് സർക്കാറിനെ ഇക്കാര്യത്തിൽ താൻ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ, ഇന്ത്യക്കെതിരെ ചില ഗൂഢാലോചനകൾ നടക്കുന്നുണ്ട്.
പ്രധാനമന്ത്രിക്കെതിരായ ‘ആക്രമണം’ ഇന്ത്യൻ ജുഡീഷ്യറിയോടുള്ള വെല്ലുവിളി കൂടിയാണ്. കോടതി ഗുജറാത്ത് കലാപക്കേസ് പരിഗണിക്കുകയും പ്രധാനമന്ത്രിയെ ഇതുമായി ബന്ധിപ്പിക്കാൻ ഒന്നുമില്ലെന്ന് കണ്ടെത്തുകയും ചെയ്തതാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.