ഗുജറാത്ത് ഡോക്യുമെന്ററി പ്രധാനമന്ത്രിയുടെ സൽപേരിന് കളങ്കംവരുത്തിയെന്ന്; ബി.ബി.സിക്ക് ഹൈകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നാരോപിച്ച ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററിയിലൂടെ രാജ്യത്തെയും പ്രധാനമന്ത്രിയെയും കോടതിയെയും അപമാനിച്ചെന്ന ഗുജറാത്ത് സന്നദ്ധസംഘടനയുടെ പരാതിയിൽ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷന് (ബി.ബി.സി) ഡൽഹി ഹൈകോടതി നോട്ടീസ്. മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി ആർ.എസ്.എസിനെയും വിശ്വഹിന്ദു പരിഷത്തിനെയും അവഹേളിച്ചെന്ന ബി.ജെ.പി നേതാവിന്റെ പരാതിയിൽ ഡൽഹി കോടതി മേയ് മൂന്നിന് ബി.ബി.സിക്ക് നോട്ടീസ് അയച്ചതിനുപിന്നാലെയാണ് ഹൈകോടതിയുടെയും നോട്ടീസ്.
‘ജസ്റ്റിസ് ഓൺ ട്രയൽ’ എന്ന ഗുജറാത്തിലെ എൻ.ജി.ഒക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുടെ ആവശ്യം അംഗീകരിച്ച്, ജസ്റ്റിസ് സചിൻ ദത്തയുടെ സിംഗിൾ ബെഞ്ച്, സെപ്റ്റംബർ 29നകം ബി.ബി.സി നോട്ടീസിന് മറുപടി നൽകണമെന്ന് ഉത്തരവിട്ടു. രണ്ട് എപ്പിസോഡുകളിലായി 2023 ജനുവരിയിൽ ബി.ബി.സി സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയായ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ രാജ്യത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്നും ഇന്ത്യയുടെ പ്രധാനമന്ത്രിക്കും ജുഡീഷ്യറിക്കും ക്രിമിനൽ നീതിന്യായ സംവിധാനത്തിനും എതിരെ വ്യാജവും അപകീർത്തികരവുമായ അപവാദം പ്രചരിപ്പിച്ചുവെന്നുമാണ് ഹരജി. നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
ഡോക്യുമെന്ററി രാജ്യത്ത് വിലക്കിയതിനുപുറമെ അതിന്റെ യൂട്യൂബ് ലിങ്ക് പങ്കുവെച്ച 50 ട്വീറ്റുകൾ നീക്കം ചെയ്യാൻ കഴിഞ്ഞ ജനുവരി 20ന് ഐ.ടി സെക്രട്ടറി ഉത്തരവിട്ടിരുന്നു. ലിങ്കുകൾ നീക്കം ചെയ്യാനുള്ള ഉത്തരവ് ചോദ്യംചെയ്ത് മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. റാം സുപ്രീംകോടതിയെ സമീപിച്ചു. സർക്കാറിനെയോ അതിന്റെ നയങ്ങളെയോ സുപ്രീംകോടതി വിധികളെയോ വിമർശിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തെയോ അഖണ്ഡതയെയോ ബാധിക്കുന്നതല്ലെന്ന് സുപ്രീംകോടതി വിധിയുള്ള കാര്യം എൻ. റാം തന്റെ ഹരജിയിൽ ബോധിപ്പിച്ചിരുന്നു. എങ്കിലും വിലക്ക് നീക്കാനുള്ള നടപടി ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.