ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം; വിദ്യാർഥികൾക്ക് ഒരു വർഷത്തെക്ക് വിലക്കേർപ്പെടുത്തി ഡൽഹി സർവകലാശാല
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബി.ബി.സിയുടെ ഡോക്യുമെന്ററിയുടെ പ്രദർശനം സംഘടിപ്പിച്ചതിന് വിദ്യാർഥികൾക്കെതിരെ നടപടിയുമായി ഡൽഹി സർവകലാശാല. രണ്ടു വിദ്യാർഥികളെ ഒരു വർഷത്തേക്ക് കോളജിൽനിന്നും വിലക്കി നോട്ടീസ് പുറപ്പെടുവിച്ചു.
എൻ.എസ്.യു ദേശീയ സെക്രട്ടറി ലോകേഷ് ചുഗ്, നിയമ വിഭാഗം വിദ്യാർഥി രവീന്ദർ എന്നിവർക്കെതിരെയാണ് നടപടി. ഈ കാലയളവിൽ സർവകലാശാലയുടെയോ ഡിപ്പാർട്ട്മെന്റിന്റെയോ പരീക്ഷ എഴുതാൻ അനുവദിക്കില്ല.
വിലക്ക് ലംഘിച്ച് ജനുവരി 27ന് കാമ്പസിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ സർവകലാശാല സമിതിയെ നിയോഗിച്ചിരുന്നു. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആറു വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ, പ്രദർശനത്തിൽ പങ്കാളികളെന്ന് ആരോപിച്ച് നിരവധി വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്താനും നടപടി ആരംഭിച്ചു. പ്രദർശനം നടന്നപ്പോൾ താൻ കാമ്പസിൽ ഇല്ലായിരുന്നുവെന്നും ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നുവെന്നും നടപടിക്ക് വിധേയനായ ലോകേഷ് ചുഗ് പ്രതികരിച്ചു.
കാമ്പസിൽ പ്രദർശിപ്പിച്ച ഡോക്യുമെന്ററി നിരോധിക്കപ്പെട്ടതല്ലെന്നും വിദ്യാർഥി ചൂണ്ടിക്കാട്ടി. പ്രദർശനം തടയാൻ സർവകലാശാല അധികൃതരും പൊലീസും ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചിരുന്നു. 24 വിദ്യാർഥികളെ അന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.