അന്താരാഷ്ട്രതലത്തിൽ അമ്പരപ്പ്; പ്രവാസി ലോകത്തും ആശങ്ക
text_fieldsന്യൂഡൽഹി: ഡോക്യുമെന്ററി വിലക്കിനു പിന്നാലെ ബി.ബി.സി ഓഫിസിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ രാജ്യത്തിനകത്തും പുറത്തും അമ്പരപ്പ്. പരിശോധനയുമായി പൂർണമായി സഹകരിച്ചുവെന്നുമാത്രമാണ് ബി.ബി.സി വിശദീകരിച്ചതെങ്കിലും, കേന്ദ്രസർക്കാറിന്റേത് പ്രതികാര നടപടിയാണെന്ന് അന്താരാഷ്ട്രമാധ്യമങ്ങളടക്കം വിലയിരുത്തി.
മോദിസർക്കാറിനെ വിമർശിക്കുന്നതിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ സംഭവിക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അന്താരാഷ്ട്ര-തദ്ദേശീയ മാധ്യമങ്ങൾക്കുള്ള താക്കീതായി ബി.ബി.സിയിലെ പരിശോധനയെ കാണുന്നവർ ഏറെ. ജി-20 അധ്യക്ഷസ്ഥാനമേറ്റ് ലോകനേതാക്കളെ സ്വീകരിക്കാൻ ഒരുങ്ങുന്നതിനിടയിൽതന്നെയാണ് കാർക്കശ്യം ലോകത്തിനു മുന്നിൽ കേന്ദ്രസർക്കാർ പ്രകടമാക്കിയത്. ഇത് രാജ്യത്തിന്റെ സൗഹാർദ പ്രതിച്ഛായക്കും പരിക്കേൽപിക്കും.
ബി.ബി.സി പോലൊരു അന്താരാഷ്ട്ര മാധ്യമ സ്ഥാപനത്തെ സർക്കാറും ഭരണകക്ഷിയും വിടാതെ പിടികൂടുന്നതിൽ പ്രവാസിലോകവും അസ്വസ്ഥമാണ്. ആരും നിയമത്തിന് അതീതരല്ല, ഇന്ത്യയിലാണെങ്കിൽ ഇന്ത്യൻനിയമം അനുസരിക്കണം തുടങ്ങിയ വിശദീകരണങ്ങളാണ് സംഭവത്തെക്കുറിച്ച് ഭരണകക്ഷിയായ ബി.ജെ.പി നൽകുന്നത്.
അതേസമയം, ഓരോ രാജ്യത്തിന്റെയും ഉദാരസമീപനങ്ങളുടെ തണൽ പ്രവാസികൾക്ക് ലഭിച്ചുപോരുന്നുണ്ട്. ബി.ബി.സിയുടെ ആസ്ഥാനമായ യു.കെ ഇന്ത്യക്കാരോടുള്ള മനോഭാവം മാറ്റിയാൽപോലും പ്രവാസികൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പലതായിരിക്കും.
സമൂഹമാധ്യമ രംഗത്തെ അതികായരായ ട്വിറ്ററിനും മറ്റുമെതിരെ ഐ.ടി നിയമ കാർക്കശ്യം കേന്ദ്രസർക്കാർ നേരത്തെ പുറത്തെടുത്തിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിനപ്പുറം ഭരണകക്ഷിക്ക് അഹിതമായതൊന്നും വേണ്ടെന്ന സന്ദേശം ബി.ബി.സി സംഭവത്തിലും പ്രകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.