‘ബി.ബി.സിയെന്നാൽ അഴിമതി, അസംബന്ധ കോർപറേഷൻ’; റെയ്ഡിനെ ന്യായീകരിച്ച് ബി.ജെ.പി
text_fieldsന്യൂഡൽഹി: മുംബൈ, ഡൽഹി ബി.ബി.സി ഓഫിസുകളിലെ റെയ്ഡിനെ ന്യായീകരിച്ച് ബി.ജെ.പി. ബി.ബി.സിയുടെ പ്രചരണവും കോൺഗ്രസിന്റെ അജണ്ടയും സമാനമാണെന്നും ബി.ബി.സി ഏറ്റവും അഴിമതി നിറഞ്ഞ സ്ഥാപനമാണെന്നും ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
ബി.ബി.സിയെ അഴിമതി, അസംബന്ധ കോർപറേഷൻ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആദായനികുതി വകുപ്പിനെ അവരുടെ ജോലി ചെയ്യാൻ വിടുക. ബി.ബി.സി തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ, പിന്നെ എന്തിന് ഭയക്കണമെന്നും ഭാട്ടിയ ചോദിച്ചു. ബി.ബി.സി ഇന്ത്യയിൽ പ്രവർത്തിക്കുമ്പോൾ വിഷം തുപ്പരുത്. ഇന്ത്യ വിരുദ്ധ പ്രചരണത്തിൽ അവർ ഏർപ്പെട്ടു. വിഷം ചീറ്റാത്തിടത്തോളം കാലം എല്ലാ സംഘടനകൾക്കും അവസരം നൽകുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
റെയ്ഡിനെ പരിഹസിച്ച കോൺഗ്രസിനെ അദ്ദേഹം വിമർശിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ബി.ബി.സി നിരോധിച്ചിരുന്നുവെന്ന കാര്യം ഓർക്കണമെന്ന് പറഞ്ഞ് അദ്ദേഹം കോൺഗ്രസിനെ പരിഹസിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്ത് കലാപത്തിൽ പ്രതിക്കൂട്ടിലാക്കുന്ന ബി.ബി.സി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ പുറത്തുവന്നതിനു പിന്നാലെയാണ് ബി.ബി.സി ഓഫിസുകളിൽ റെയ്ഡ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.