'ഹലാൽ ഡയറ്റ് പ്ലാൻ' വിവാദത്തിൽ ക്രിക്കറ്റ് ബോർഡിന്‍റെ വിശദീകരണമിങ്ങനെ
text_fieldsഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളുടെ ഭക്ഷണ മെനു സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി ബി.സി.സി.ഐ ട്രഷറർ. കളിക്കാർ എന്തു കഴിക്കണമെന്നത് അവരുടെ താൽപര്യമനുസരിച്ചാണെന്ന് ട്രഷറർ അരുൺ ധുമാൽ പറഞ്ഞു.
കളിക്കാർക്ക് ബീഫും പോർക്കും നിരോധിച്ചുകൊണ്ടും മറ്റു മാംസ ഇനങ്ങൾ 'ഹലാൽ' ആയിരിക്കണമെന്ന് നിർദേശിച്ചുകൊണ്ടും ബി.സി.സി.ഐ 'ഡയറ്റ് പ്ലാൻ' നൽകിയെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതു സംബന്ധിച്ച് ബി.സി.സി.ഐയുടെ ഭാഗത്തു നിന്നുള്ള ആദ്യ പ്രതികരണമാണ് അരുൺ ധുമാലിേന്റത്.
എന്ത് കഴിക്കണമെന്ന് കളിക്കാരോട് ആവശ്യപ്പെടാറില്ലെന്നും അതവരുടെ സ്വാതന്ത്ര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. അങ്ങിനെയൊരു നിർദേശം ഞങ്ങൾ നൽകിയിട്ടില്ല. ഭക്ഷണക്രമം ചർച്ച ചെയ്യാറോ നിർബന്ധിക്കാറോ ഇല്ല. ഇങ്ങനെയൊരു തീരുമാനം എന്നെടുത്തുവെന്നോ അങ്ങനെ ഉണ്ടോ എന്നു പോലുമറിയില്ല. ഭക്ഷണക്രമവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറത്തിറക്കാറില്ല. അത് കളിക്കാരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. ബി.സി.സി.ഐക്ക് അതിൽ പങ്കില്ല- അദ്ദേഹം വ്യക്തമാക്കി.
മാസഭക്ഷണം വേണോ, സസ്യാഹാരം വേണോ എന്നതൊക്കെ കളിക്കാരുടെ ഇഷ്ടമനുസരിച്ച് തീരുമാനിക്കാമെന്ന് അരുൺ ധുമാൽ പറഞ്ഞതായി ഇൻഡ്യ ടുഡെ റിപ്പോർട്ട് ചെയ്തു.
പുതിയ പരമ്പരകൾക്ക് മുന്നോടിയായി പുറത്തിറക്കിയ ഭക്ഷണ ക്രമത്തിലാണ് ബീഫും പോർക്കും വേണ്ടെന്ന നിർദേശമുണ്ടായിരുന്നത്. എല്ലാ ഇറച്ചിയും ഹലാല്‍ സര്‍ട്ടിഫൈഡ് ആയിരിക്കണമെന്നും ബി.സി.സി.ഐ നിർദേശിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഈ വിവാദത്തിൽ ആദ്യഘട്ടത്തിൽ ബി.സി.സി.ഐ പ്രതികരിച്ചിരുന്നില്ല. ഇതേ തുടർന്ന് സമൂഹ മാധ്യമങ്ങളിലടക്കം വിവാദം ചൂടു പിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.