ബി.സി.സി.ഐ ബി.ജെ.പി നിയന്ത്രണത്തിൽ
text_fieldsന്യൂഡൽഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ നീക്കിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാക്ക് പുറമെ മഹാരാഷ്ട്ര ബി.ജെ.പി നേതാവിനെയും അസം മുഖ്യമന്ത്രി ഹേമന്ത് ബിശ്വ ശർമയുടെ വലംകൈയെയും ചേർത്ത് ബി.സി.സി.ഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) ബി.ജെ.പി നിയന്ത്രണത്തിലാക്കി.
ബി.സി.സി.ഐ ഭരണഘടന ഭേദഗതി ചെയ്യാൻ ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിൽനിന്ന് പ്രത്യേക വിധി നേടിയെടുത്തശേഷം ജയ് ഷായെ സെക്രട്ടറി സ്ഥാനത്ത് തുടരാൻ അനുവദിച്ച് ഗാംഗുലിയെ പുറത്താക്കിയത് ബി.ജെ.പിയിൽ ചേരാത്തതുകൊണ്ടാണെന്ന വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തുകയും ചെയ്തു.
ആറു വർഷം തുടർച്ചയായി ഭാരവാഹിത്വത്തിലിരുന്നവരെ തുടർന്നുള്ള മൂന്ന് വർഷം ഭാരവാഹികളാക്കരുതെന്ന ഭരണഘടനാവ്യവസ്ഥ പ്രസിഡന്റിനും സെക്രട്ടറിക്കും ബാധകമാക്കാതിരിക്കാനുള്ള ഭേദഗതിക്കാണ് ബി.സി.സി.ഐ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
എന്നാൽ, പ്രസിഡന്റായ ഗാംഗുലിക്ക് ആ അവസരം നിഷേധിച്ചതിലൂടെ ആറ് വർഷം കാലാവധി കഴിഞ്ഞ അമിത് ഷായുടെ മകന് സ്ഥാനത്ത് തുടരുന്നതിനുവേണ്ടി മാത്രമായി സുപ്രീംകോടതി വിധിയും ഭരണഘടനാഭേദഗതിയും മാറിയിരിക്കുകയാണ്.
ഗാംഗുലി ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ശാന്തനു സെൻ ആരോപിച്ചു. ഈ മാസം 18നാണ് ബി.സി.സി.ഐ ഭരണസമിതിയുടെ കാലാവധി അവസാനിക്കുക.
പുതിയ ഭരണസമിതിയിൽ മുംബൈ ബി.ജെ.പി പ്രസിഡന്റ് ആശിഷ് ഷേലാർ ട്രഷററും അസം മുഖ്യമന്ത്രിയുടെ വലംകൈ ദേവജിത് സൈക്യ ജോയന്റ് സെക്രട്ടറിയുമാകുമ്പോൾ ഗാംഗുലിക്ക് പകരം 1983ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലുണ്ടായിരുന്ന റോജർ ബിന്നി പ്രസിഡന്റാകും.
ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് തരംതാഴ്ത്തി ഐ.പി.എൽ ചെയർമാനാക്കാമെന്ന വാഗ്ദാനം ഗാംഗുലി നിരസിച്ചതോടെ ആ സ്ഥാനത്ത് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുറിന്റെ സഹോദരൻ അരുൺ ധൂമലിനെ കൊണ്ടുവരും.
മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദിന്റെ സഹോദരീഭർത്താവും ബി.ജെ.പിയുമായി ഏറെ അടുപ്പമുള്ള കോൺഗ്രസ് നേതാവുമായ രാജീവ് ശുക്ല മാത്രമാണ് ബി.സി.സി.ഐ ഭാരവാഹിത്വത്തിൽ തുടരുന്ന ബി.ജെ.പി ഇതര നേതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.