ബി.സി.സി.ഐയെ നിലക്കുനിര്‍ത്തും –സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: ബി.സി.സി.ഐ മര്യാദക്ക് നിന്നില്ളെങ്കില്‍ മര്യാദ പഠിപ്പിക്കുമെന്ന് സുപ്രീംകോടതി. ബി.സി.സി.ഐ അധ്യക്ഷന്‍ അനുരാഗ് ഠാകുര്‍, സെക്രട്ടറി അജയ് ശിര്‍കെ തുടങ്ങിയ ഭരണത്തലവന്മാരെ പുറത്താക്കണമെന്നും കോടതി. ക്രിക്കറ്റിലെ ശുദ്ധീകരണത്തിനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ലോധ കമീഷന്‍െറ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ബി.സി.സി.ഐ കൂട്ടാക്കാത്തതാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്. കമീഷന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ആഞ്ഞടിച്ചത്.
ക്രിക്കറ്റ് ഭരണഘടനാ സമിതിയില്‍ വരുത്തേണ്ട സമഗ്രമായ മാറ്റത്തെക്കുറിച്ച് പലവട്ടം ബി.സി.സി.ഐക്ക് നിര്‍ദേശം നല്‍കിയിട്ടും അതൊന്നും കൂട്ടാക്കാത്ത തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയാണെന്ന് റിട്ട. ജസ്റ്റിസ് ലോധ അധ്യക്ഷനായ കമീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. തുടര്‍ച്ചയായ പ്രസ്താവനകളിലൂടെ ബോര്‍ഡ് കമീഷന്‍െറ തീരുമാനങ്ങള്‍ അവഗണിക്കുകയാണ്. സെലക്ഷന്‍ കമ്മിറ്റിയില്‍ മൂന്നുപേര്‍ മാത്രമേ ഉണ്ടാകാവൂ എന്നും അവര്‍ മുന്‍ ടെസ്റ്റ് കളിക്കാര്‍ ആയിരിക്കണമെന്നുമുള്ള കമീഷന്‍െറ നിര്‍ദേശം തള്ളി വെങ്കിടേശ് പ്രസാദിന്‍െറ നേതൃത്വത്തില്‍ അഞ്ചംഗ സംഘത്തെയാണ് ബി.സി.സി.ഐ തെരഞ്ഞെടുത്തത്.
നിയമത്തിന് അതീതരാണ് തങ്ങളെന്ന തോന്നല്‍ ബി.സി.സി.ഐക്കുണ്ടെങ്കില്‍ അത് തെറ്റാണ്. കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബോര്‍ഡും ബാധ്യസ്ഥമാണ്. തങ്ങള്‍ പ്രഭുക്കളാണെന്ന തോന്നല്‍ ബോര്‍ഡിനുണ്ടെങ്കില്‍ തിരുത്തേണ്ടിയിരിക്കുന്നു. മര്യാദക്ക് നിന്നില്ളെങ്കില്‍ മര്യാദ പഠിപ്പിക്കാനറിയാമെന്നും രൂക്ഷമായ ഭാഷയില്‍ സുപ്രീംകോടതി പ്രതികരിച്ചു.
തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം ബി.സി.സി.ഐക്ക് നല്‍കിയതാണെന്നും കമീഷന്‍െറ നിര്‍ദേശങ്ങള്‍ പലതവണ രേഖാമൂലം അറിയിച്ചിട്ടും പ്രസിഡന്‍റ് അനുരാഗ് ഠാകുറും സെക്രട്ടറി അജയ ശിര്‍കെയും തള്ളിക്കളയുകയായിരുന്നുവെന്നും ജസ്റ്റിസ് ലോധ കോടതിയില്‍ അറിയിച്ചു. നിയമം അനുസരിക്കാന്‍ കൂട്ടാക്കാത്ത ഇവരെ നീക്കം ചെയ്യണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ ദത്താര്‍ ബി.സി.സി.ഐക്കായി ഹാജരായി. ഇന്ത്യന്‍ ക്രിക്കറ്റിന് കളങ്കം ചാര്‍ത്തിയ വാതുവെപ്പു വിവാദത്തിന്‍െറ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ഭരണത്തെ ശുദ്ധീകരിക്കാനാണ് സുപ്രീംകോടതി ലോധ കമീഷനെ നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.