വിദേശ അഭിഭാഷകർക്ക് പ്രാക്ടീസ് അനുമതി: വിദേശനിക്ഷേപം ഒഴുകുമെന്ന് നിയമലോകം
text_fieldsന്യൂഡൽഹി: വിദേശ അഭിഭാഷകർക്കും നിയമസഹായ സ്ഥാപനങ്ങൾക്കും ഇന്ത്യയിൽ നിയന്ത്രിതമായ നിലയിൽ പ്രാക്ടീസ് അനുവദിച്ചത് വിദേശനിക്ഷേപം രാജ്യത്തെത്തിക്കുമെന്ന് വിലയിരുത്തൽ. കഴിഞ്ഞ ദിവസമാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ വിദേശ അഭിഭാഷകർക്ക് ചില വിഷയങ്ങളിൽ ഇന്ത്യയിൽ പ്രാക്ടീസ് അനുവദിച്ചത്.
വിദേശ, അന്താരാഷ്ട നിയമങ്ങൾ, രാജ്യാന്തര ആർബിട്രേഷൻ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് അനുമതി.
സ്ഥാപനങ്ങൾ തമ്മിലുള്ള ലയനം, ഏറ്റെടുക്കൽ, ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട കേസുകൾ എന്നിവയിലും പ്രാക്ടീസ് അനുവദിച്ചാണ് ചട്ടം പുതുക്കിയത്. കോടതിയിൽ നേരിട്ട് ഹാജരായി വ്യവഹാരം നടത്താൻ വിദേശ അഭിഭാഷകരെ അനുവദിക്കില്ല. നിയമോപദേശവും മറ്റും നൽകാമെന്ന് മാത്രം. ഇന്ത്യയിൽ സ്ഥിരമായി പ്രാക്ടിസ് ചെയ്യാനാഗ്രഹിക്കുന്ന വിദേശ അഭിഭാഷകരും സ്ഥാപനങ്ങളും ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്യണം. വർഷം 60ൽ താഴെ ദിവസങ്ങളിലുള്ള പ്രാക്ടീസിന് രജിസ്ട്രേഷൻ ഫീസില്ല. അഭിഭാഷകർ 25,000വും സ്ഥാപനങ്ങൾ 50,000വും യു.എസ് ഡോളർ ഫീസടക്കണം. ഇതിന് പുറമേ നിശ്ചിത തുക കെട്ടിവെക്കണം.
പുതിയ തീരുമാനം രാജ്യത്തേക്ക് വിദേശ നിക്ഷേപം കൊണ്ടുവരുമെന്ന് ഇൻഡസ്ലോ സ്ഥാപകരിലൊരാളായ കാർത്തിക് ഗണപതി പറഞ്ഞു.
പോസിറ്റിവായ നീക്കമാണ് ബാർ കൗൺസിലിന്റേതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നിയമസഹായ സ്ഥാപനങ്ങൾക്ക് വൻ വളർച്ചയുണ്ടാകുമെന്ന് ഇൻഡസ്ലോ പാർട്ണർ സുനീത് കട്ടാർക്കി അഭിപ്രായപ്പെട്ടു. വൈകിയ തീരുമാനമാണെങ്കിലും സ്വാഗതാർഹമാണെന്ന് ടി.എം.ടി ലോ പ്രാക്ടീസ് മാനേജിങ് പാർട്ണർ അഭിഷേക് മൽഹോത്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.