'എന്താണ് പറയുന്നതെന്ന് വ്യക്തത വേണം'; രാംദേവിന്‍റെ വിശദീകരണം തള്ളി ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: കോവിഡിനെതിരായ മരുന്നെന്ന പേരിൽ പതഞ്ജലി അവതരിപ്പിച്ച 'കൊറോണിൽ' മരുന്നിന്‍റെ വിപണനവുമായി ബന്ധപ്പെട്ട കേസിൽ പതഞ്ജലി കമ്പനിയുടെ വിശദീകരണം സ്വീകരിക്കാതെ ഡൽഹി ഹൈകോടതി. വിശദീകരണത്തിനേക്കാളുപരി, ഉത്തരവാദിത്തം നിരാകരിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് പതഞ്ജലി നൽകിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊറോണിലിന്‍റെ വിപണന സമയത്ത് ബാബാ രാംദേവിന്‍റെ പതഞ്ജലി കമ്പനി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും അലോപ്പതിയേയും ഡോക്ടർമാരെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്നും ചൂണ്ടിക്കാട്ടി ഡോക്ടർമാരുടെ സംഘടനകൾ നൽകിയ ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ആഗസ്റ്റ് 17ന് കേസിൽ കൂടുതൽ വാദം കേൾക്കുമെന്ന് അറിയിച്ച കോടതി കമ്പനിയോട് മറ്റൊരു വിശദീകരണം സമർപ്പിക്കാൻ നിർദേശം നൽകി. വിശദീകരണത്തിൽ വ്യക്തയില്ലന്നും വാക്കുകൾ ചിന്തകളെ പ്രതിഫലിപ്പിക്കണമെന്നും ഹരജി പരിഗണിക്കവെ ജസ്റ്റിസ് ബംബാനി പറഞ്ഞു.
കേസിൽ ജൂലൈയിൽ നടന്ന വാദത്തിനിടെ ഹരജിക്കാർ ഉന്നയിക്കുന്ന വിഷയത്തിൽ പരസ്യമായി വിശദീകരണം നൽകാൻ തയ്യാറാണെന്ന് പതഞ്ജലിയും രാംദേവും കോടതിയെ അറിയിച്ചിരുന്നു. കേന്ദ്രസർക്കാറിന്‍റെ വിജ്ഞാപനങ്ങൾ കർശനമായി പാലിച്ചതിന് ശേഷമാണ് കൊറോണിൽ ഉല്പാദിപ്പിച്ചതെന്നും അതിന് ആവശ്യമായ ലൈസൻസ് ലഭിച്ചിട്ടുണ്ടെന്നും പഞ്ചലി സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. യോഗ പരിശീലകൻ ബാബ രാംദേവ് നടത്തിയ വിവാദപരാമർശങ്ങളിൽ രാംദേവും പതഞ്ജലിയും ഡോക്ടർമാരോട് പരസ്യമായി ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും വിശദീകരണത്തിലുണ്ട്.
എന്നാൽ രാംദേവിന്‍റെയും കമ്പനിയുടേയും വിശദീകരണം തങ്ങൾക്ക് തൃപ്തികരമല്ലെന്ന് ഹരജിക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. ഡോക്ടർമാരുടെ സംഘടനകൾ പതഞ്ജലിക്കെതിരെ കോടതിയെ സമീപിച്ചത് പ്രേരണമൂലമാണെന്നും ഇതിനായി പണം നൽകുന്ന ആരെങ്കിലും ഉണ്ടായിരിക്കണമെന്നും രാംദേവിനും പതഞ്ജലിക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വി. കപൂർ ആരോപിച്ചു.
നേരത്തെ, പതഞ്ജലിയുടെ ആയുർവേദ മരുന്നായ 'കൊറോണി'ലിന് കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന ഗവേഷണ പ്രബന്ധം രാംദേവ് പുറത്തിറക്കിയിരുന്നു. കൊറോണിലുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഗവേഷണ പ്രബന്ധം ഉത്തരം നൽകുമെന്നും രാംദേവ് അവകാശപ്പെട്ടിരുന്നു.
എന്നാൽ കൊറോണിലിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങളെക്കുറിച്ചുള്ള കമ്പനിയുടെ അവകാശവാദങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ആരോഗ്യരംഗത്തെ പ്രമുഖരടക്കം രംഗത്തെത്തി. തുടർന്ന് കോവിഡ് പ്രതിരോധ മരുന്നായി കൊറോണിലിനെ പരസ്യം ചെയ്യുന്നത് കേന്ദ്ര ആയുഷ് മന്ത്രാലയം വിലക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.