കാൽഡോർ കാട്ടുതീയിൽ ജനങ്ങളെ ഒഴിപ്പിച്ചതോടെ തെരുവുകൾ പിടിച്ചെടുത്ത് കരടികൾ
text_fieldsകാലിഫോർണിയ: കാൽഡോർ തീപിടിത്തത്തെ തുടർന്ന് കാലിഫോർണിയയിലെ താഹോ തടാകത്തിന് സമീപം നിർബന്ധിത ഒഴിപ്പിക്കൽ നടത്തിയതോടെ തെരുവുകൾ പിടിച്ചെടുത്ത് കരടികൾ. 22,000 പേരെയാണ് പ്രദേശത്തുനിന്ന് ഒഴിപ്പിച്ചത്. തെരുവുകൾ വിജനമായതോടെ ഇവിടം സ്വൈര വിഹാര കേന്ദ്രമാക്കുകയായിരുന്നു കരടികൾ.
ആളുകളെ ഒഴിപ്പിച്ചതോടെ മാലിന്യ കുട്ടകൾ തേടിയും വീടുകളിൽ ഭക്ഷണം തേടിയുമെത്തുകയായിരുന്നു ഇവ. തീയിൽ ഇവയുടെ ആവാസകേന്ദ്രം നഷ്ടമായതോടെയാണ് ഇവ കാടുവിട്ട് പുറത്തിറങ്ങിയതെന്ന് അധികൃതർ പറയുന്നു.
കാട്ടുതീ പടർന്നതോടെ പ്രദേശത്ത് നിർബന്ധിത ഒഴിപ്പിക്കൽ നടത്തിയിരുന്നു. കാട്ടുതീ ശമിച്ചതോടെ പലരും സ്വന്തം വീടുകളിലേക്ക് മടങ്ങി. എന്നാൽ, വീടുകളിലും റോഡിലും നഗരത്തിന്‍റെ പല ഭാഗങ്ങളിലും കരടികളെ കണ്ടതായി പ്രദേശവാസികൾ അധികൃതരെ അറിയിക്കുകയായിരുന്നു.
ഭക്ഷണം തേടിയെത്തിയ കരടികൾ നഗരത്തിലെ മാലിന്യക്കുട്ടകളെല്ലാം നശിപ്പിച്ചു. വീടുകളുടെയും കടകളുടെയും പല ഭാഗങ്ങളും കരടികൾ നശിപ്പിച്ചു. പ്രദേശത്ത് കരടിശല്യം പതിവാണ്. എന്നാൽ കാട്ടുതീ മാരകമായതോടെ ശല്യം കൂടിയതായി എൽ ഡൊരോഡോ ഷെരീഫ് ഓഫിസ് അറിയിച്ചു. ജനങ്ങളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചതോടെ കരടികൾ ഇവിടം കീഴടക്കുകയായിരുന്നുവെണന്നും അദ്ദേഹം പറഞ്ഞു.
മാലിന്യക്കുട്ടകളെല്ലാം കരടികൾ നശിപ്പിച്ചതോടെ. മാലിന്യം ഇടുന്നതിനായി താൽകാലിക സംവിധാനം ഒരുക്കാനൊരുങ്ങുകയാണ് അധികൃതർ.
വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ കാലിഫോർണിയ -നെവാഡാ അതിർത്തിയിലെ താഹോ തടാകത്തിന് സമീപമാണ് വൻ തീപിടിത്തമുണ്ടായത്. തടാകത്തിന്‍റെ തെക്കുഭാഗത്തെ നഗരത്തിൽനിന്ന് പൂർണമായും ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. 776 വീടുകളും കെട്ടിടങ്ങളുമാണ് കാൽഡോർ തീ വിഴുങ്ങിയത്. തീ നിയന്ത്രണ വിധേയമാക്കുന്നതിനായി ആയിരക്കണക്കിന് അഗ്നിരക്ഷ സേന ജീവനക്കാരെയാണ് പ്രദേശത്ത് വിന്യസിച്ചിരുന്നത്.
നഗരത്തിന്‍റെ പലയിടങ്ങളിൽവെച്ചും കരടികളെ കണ്ടതായി മടങ്ങിയെത്തിയ പ്രദേശവാസികൾ പറയുന്നു. ഭക്ഷണം തേടിയാണ് ഇവയുടെ നഗരങ്ങളിലേക്കുള്ള സഞ്ചാരം. മനുഷ്യരെയോ വാഹനങ്ങളെയോ ഇവക്ക് പേടിയില്ലെന്നും പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.