കൺനിറയെ പൊന്നമ്പിളി; ചന്ദ്രയാൻ- 3 ഇന്ന് വൈകീട്ട് 6.04ന് ചന്ദ്രനിലിറങ്ങും
text_fieldsബംഗളൂരു: രാജ്യത്തിന്റെയും ശാസ്ത്രലോകത്തിന്റെയും കണ്ണും കാതും ഇന്ന് ചന്ദ്രനിലേക്കും ചന്ദ്രയാനിലേക്കും ചുരുങ്ങും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ബഹിരാകാശ പേടകം ഇറക്കുന്ന ആദ്യ രാജ്യം എന്ന നേട്ടത്തിന് ഒരു ചുവടകലെ ഇന്ത്യ. ബുധനാഴ്ച വൈകീട്ട് 6.04ന് ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മൃദു ഇറക്കം (സോഫ്റ്റ് ലാൻഡിങ്) നടത്തുന്നതോടെ രാജ്യത്തിന്റെ ബഹിരാകാശ നേട്ടത്തിൽ അത് നാഴികക്കല്ലാവും.
പര്യവേക്ഷണത്തേക്കാളുപരി, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകത്തെ സുരക്ഷിതമായി ഇറക്കുക എന്നതാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ) ലക്ഷ്യമിടുന്നത്. മറ്റു ഗ്രഹങ്ങളിലേക്കുള്ള പര്യവേക്ഷണ യാത്രകൾക്ക് അത് ഊർജം നൽകും. ചന്ദ്രനിലെ ശാസ്ത്ര രഹസ്യം തേടിയുള്ള അഭിമാന ദൗത്യമായ ചന്ദ്രയാൻ- മൂന്നിന്റെ ഇതുവരെയുള്ള എല്ലാ പ്രവർത്തനങ്ങളും ശരിയായ രീതിയിലാണെന്ന് ഐ.എസ്.ആർ.ഒ സ്ഥിരീകരിച്ചു.
നാലുവർഷത്തിനിടെ ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമാണിത്. പരാജയപ്പെട്ട ചന്ദ്രയാൻ- രണ്ട് ദൗത്യത്തിന്റെ തുടർച്ചയായാണ് എല്ലാ പരാജയ സാധ്യതകൾക്കും പരിഹാര സംവിധാനങ്ങളുമായി ചന്ദ്രയാൻ- മൂന്ന് ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. ചന്ദ്രനിൽനിന്ന് കുറഞ്ഞത് 25 കിലോമീറ്ററും കൂടിയത് 134 കിലോമീറ്ററും അകലത്തിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ -മൂന്ന് ദൗത്യത്തിന്റെ പ്രധാന ഭാഗമായ ലാൻഡർ മൊഡ്യൂൾ സഞ്ചരിക്കുന്നത്. പേടകത്തിലെ ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മൃദു ഇറക്കത്തിനായി ചന്ദ്രോപരിതലത്തിൽ സൂര്യപ്രകാശം പതിയുന്ന വേള കാത്തിരിക്കുകയാണ് ശാസ്ത്രജ്ഞർ. എല്ലാ ഘടകങ്ങളും ഒത്തുവന്നാൽ ബംഗളൂരു ബ്യാലലുവിലെ ഐ.എസ്.ആർ.ഒയുടെ ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്വർക്കിൽനിന്ന് (ഐ.ഡി.എസ്.എൻ) ലാൻഡർ മൊഡ്യൂളിന് വൈകീട്ട് നാലോടെ അന്തിമഘട്ടത്തിന് അനുമതി നൽകും. ലാൻഡർ മൊഡ്യൂളിൽ എന്തെങ്കിലും പ്രശ്നം കണ്ടെത്തിയാൽ ലാൻഡിങ് ആഗസ്റ്റ് 27 ലേക്ക് മാറ്റുമെന്ന് ഐ.എസ്.ആർ.ഒയുടെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് ദേശായി അറിയിച്ചു.
വിക്രം എന്നുപേരുള്ള ലാൻഡറും പ്രഗ്യാൻ എന്നുപേരുള്ള റോവറുമടങ്ങുന്ന ലാൻഡർ മൊഡ്യൂൾ 19 മിനിറ്റ് നീളുന്ന പ്രക്രിയയിലൂടെയാണ് പതിയെ ചന്ദ്രനിലിറങ്ങുക. വൈകീട്ട് 5.45ന് ഇതിന് തുടക്കമാവും. ‘ഭീകര നിമിഷങ്ങൾ’ എന്ന് ശാസ്ത്രജ്ഞർ തന്നെ വിശേഷിപ്പിക്കുന്ന ഈ ഘട്ടത്തിൽ, ലാൻഡറിലെ ത്രസ്റ്റർ എൻജിനുകൾ കൃത്യസമയത്ത് കൃത്യ ഉയരത്തിൽ കൃത്യ ഇന്ധനത്തിൽ പ്രവർത്തിക്കുകയും ലാൻഡിങ് ഏരിയ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും വേണം. മൃദുവിറക്കം വിജയകരമായാൽ പര്യവേക്ഷണത്തിനായി ലാൻഡറിന്റെ വാതിലുകൾ തുറന്ന് ആറു ചക്രങ്ങളുള്ള റോബോട്ടിക് വാഹനമായ റോവർ പുറത്തിറങ്ങും.
ചന്ദ്രയാൻ -3 ലക്ഷ്യത്തിലെത്തിയാൽ, സോവിയറ്റ് യൂനിയൻ, യു.എസ്, ചൈന എന്നിവക്കുശേഷം ചന്ദ്രനിൽ മൃദു ഇറക്കംനടത്തുന്ന നാലാമത്തെ രാജ്യമാവും ഇന്ത്യ. ചന്ദ്രന്റെ രാസഘടനയെ കുറിച്ചും ദക്ഷിണധ്രുവത്തിലെ ജലം, ടൈറ്റാനിയം, മഗ്നീഷ്യം എന്നിവയുടെ സാന്നിധ്യം സംബന്ധിച്ചും പര്യവേക്ഷണം നടത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
അതേസമയം, ആഗസ്റ്റ് 19ന് ലാൻഡറിലെ ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ കാമറയും 20ന് ലാൻഡർ ഇമേജർ കാമറ-4 ഉം പകർത്തിയ ചന്ദ്രന്റെ ഏതാനും ചിത്രങ്ങൾകൂടി ചൊവ്വാഴ്ച ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. ലാൻഡിങ് പ്രദേശത്തിന്റെ ചിത്രങ്ങൾ പകർത്തുകയാണ് എൽ.പി.ഡി.സി കാമറയുടെ ദൗത്യം. നാലു കിലോമീറ്റർ നീളവും രണ്ടു കിലോമീറ്റർ വീതിയുമുള്ള ലാൻഡിങ് പ്രദേശത്ത് ഗർത്തങ്ങളെയും പാറക്കെട്ടുകളെയും ഒഴിവാക്കി സുരക്ഷിതമായി മൃദുവിറക്കം നടത്താൻ ലാൻഡർ മൊഡ്യൂളിനെ ഇത് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.