തിരുപ്പതി ക്ഷേത്രത്തിൽ ലഡ്ഡു നിർമിക്കാൻ പശുവിന്റെയും പന്നിയുടെയും കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചതായി ലാബ് റിപ്പോർട്ട്
text_fieldsഹൈദരാബാദ്: തിരുപ്പതിയിലെ ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡ്ഡു നിർമിക്കാൻ മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചതായി ലാബ് പരിശോധന ഫലം. വൈ.എസ്.ആർ.സി.പി സർക്കാറിന്റെ കാലത്ത് ഏറെ പേരുകേട്ട തിരുപ്പതി ലഡ്ഡു നിർമിക്കാൻ പശുവിന്റെയും പന്നിയുടെയും കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചന്ന ആരോപണവുമായി ആദ്യം രംഗത്ത് വന്നത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ആയിരുന്നു. ക്രിസ്തു മതവിശ്വാസിയായ ജഗൻ മോഹനൻ റെഡ്ഡി ക്ഷേത്രാചാരങ്ങളെ തകർക്കാൻ ശ്രമിക്കുന്നുവെന്നും നായിഡു ആരോപിച്ചിരുന്നു. എന്നാൽ ആരോപണം വൈ.എസ്.ആർ.സി പാർട്ടി തള്ളുകയായിരുന്നു.
എന്നാൽ ലാബ് പരിശോധന ഫലത്തിൽ നായിഡുവിന്റെ ആരോപണം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ജൂണിൽ നായിഡു സർക്കാർ നടത്തിയ പരിശോധന ഫലമാണ് ഇപ്പോൾ പുറത്തുവിട്ടത്. ലാബ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നിരവധി പേർ പ്രതിഷേധവുമായി രംഗത്തുവന്നു. ജഗൻ മോഹൻ റെഡ്ഡിയുടെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കുന്നതാണ് ഇപ്പോൾ പുറത്തുവിട്ട ലാബ് റിപ്പോർട്ട്.
ഗുജറാത്തിലെ നാഷനൽ ഡെയ്റി ഡെവലപ്മെന്റ് ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിങ് ഇൻ ലൈവ്സ്റ്റോക്ക് ആൻഡ് ഫുഡ് ലാബ് ആണ് പരിശോധന നടത്തിയത്. ലഡ്ഡു നിർമിക്കാൻ ഉപയോഗിച്ച നെയ്യിൽ മൃഗക്കൊഴുപ്പും(പന്നിയുടെയോ ബീഫിന്റെയോ കൊഴുപ്പ്) മത്സ്യ എണ്ണയും അടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സംഭവത്തിൽ കേന്ദ്ര ഐ.ടി മന്ത്രി നാരാ ലോകേഷും വൈ.എസ് ജഗൻ മോഹൻ റെഡ്ഡി സർക്കാറിനെ പഴിചാരി രംഗത്തുവന്നു. ''തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രം പവിത്രമായ ഒന്നാണ്. വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ കാലത്ത് ക്ഷേത്രത്തിലെ ഭക്തർക്ക് പ്രസാദമായി നൽകിയത് മൃഗക്കൊഴുപ്പ് ചേർത്ത ലഡ്ഡുവാണ് പ്രസാദമായി നൽകിയിരുന്നതെന്ന റിപ്പോർട്ട് അറിഞ്ഞ് ഞെട്ടി.''-എന്നാണ് നാരാ ലോകേഷ് പ്രതികരിച്ചത്.
ക്ഷേത്രത്തിലെ ലഡ്ഡു നിർമ്മാണത്തിനായി കാലങ്ങളായി നെയ് വിതരണം ചെയ്തിരുന്നത് കർണാടകയിലെ സഹകരണ സ്ഥാപനമായ നന്ദിനിയായിരുന്നു. കഴിഞ്ഞ വർഷം ജഗൻ മോഹൻ റെഡ്ഡി സർക്കാർ മഹാരാഷ്ട്രയിൽ നിന്നുള്ള സ്വകാര്യ കമ്പനികൾക്ക് കരാർ നൽകി. ഇവർ വിതരണം ചെയ്ത നെയ്യിലാണ് പശുവിന്റെയും പന്നിയുടെയും കൊഴുപ്പിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. സഹകരണ സ്ഥാപനത്തെ ഒഴിവാക്കി സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നു ടി.ഡി.പിയും ബി.ജെ.പിയും ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.