ഗോവയിൽ ബീഫിന് കടുത്ത ക്ഷാമം; വിനയായത് കർണാടകയിലെ ഗോവധ നിരോധനം, ഉടൻ പരിഹാരമെന്ന് മുഖ്യമന്ത്രി
text_fieldsപനാജി: ഗോവയിൽ കന്നുകാലി മാംസത്തിന് കടുത്ത ക്ഷാമം. കർണാടകയിൽ ഗോവധ നിരോധന നിയമം നടപ്പിലാക്കിയതും ക്രിസ്തുമസ് ഉത്സവ സീസൺ അടുത്തതുമാണ് ഗോവയ്ക്ക് തിരിച്ചടിയായത്. വ്യാഴാഴ്ചയാണ് മാംസത്തിെൻറ അവസാന സ്റ്റോക്ക് സംസ്ഥാനത്ത് എത്തിച്ചേർന്നത്. തുടർന്ന് പുതിയ സ്റ്റോക്കുകളൊന്നും വരാത്തതിനാൽ വ്യാപാരികൾ കടകൾ അടച്ചുപൂട്ടിയിരുന്നു.
കർണാടകയിലെ കശാപ്പ് നിരോധന നിയമം കാരണം കന്നുകാലികളെ വിൽപ്പനക്കോ കശാപ്പിനോ കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ക്രിസ്തുമസ്, ന്യൂയർ കാലത്ത് നിരവധി വിനോദ സഞ്ചാരികൾ വരുമെന്നും അവർക്ക് കന്നുകാലി മാംസം ആവശ്യമുണ്ടാവുമെന്നും വ്യാപാരികൾ വ്യക്തമാക്കി. സർക്കാർ എത്രയും പെട്ടന്ന് ഇപ്പോഴുള്ള സാഹചര്യത്തിന് പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, ഗോമാംസ ക്ഷാമത്തിന് രണ്ട് ദിവസത്തിനകം പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്കുള്ള കന്നുകാലി മാംസത്തിെൻറ വരവ് പുന:സ്ഥാപിക്കുമെന്നും കർണാടകയിലെ പുതിയ നിയമത്തെ കുറിച്ച് പഠനം നടക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
മഹാരാഷ്ട്രയെ ആയിരുന്നു മുമ്പ് ഗോവ ബീഫിനായി ആശ്രയിച്ചിരുന്നത്. 2015ൽ അവിടെ ഗോവധം നിരോധിച്ചതോടെ കർണാടകയിലേക്ക് മാറ്റുകയായിരുന്നു. ഒരു ദിവസം ഗോവയിലെ ജനങ്ങൾ ഭക്ഷിക്കുന്ന ഗോമാംസത്തിെൻറ അളവ് 15 മുതൽ 20 ടൺ വരെയാണ്. നിലവിൽ ബീഫ് വിതരണം ചെയ്യുന്ന കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. വരും ദിവസങ്ങളിൽ മാംസ വ്യാപാരം തുടരാൻ കഴിയുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.