ക്രിസ്മസ് നാളെ, ബീഫില്ലാതെ കുഴങ്ങി ഗോവക്കാർ; പശുസംരക്ഷക ഗുണ്ടകൾക്കെതിരെ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
text_fieldsമഡ്ഗാവ്: പശുസംരക്ഷക ഗുണ്ടകളുടെ നിരന്തര ഭീഷണിയിലും ആക്രമണത്തിലും പ്രതിഷേധിച്ച് വ്യാപാരികൾ കടകൾ അടച്ചിട്ടതോടെ ഗോവയിൽ ബീഫ് കിട്ടാതെ കുഴങ്ങി ഉപഭോക്താക്കൾ. നാളെ ക്രിസ്മസ് ആഘോഷിക്കാനിരിക്കേ, സംസ്ഥാനത്തുടനീളം ബീഫ് വ്യാപാരികൾ സമരത്തിലാണ്. മഡ്ഗാവിൽ കഴിഞ്ഞയാഴ്ച പശുസംരക്ഷക ഗുണ്ടകൾ ബീഫ് വ്യാപാരികളെ ആക്രമിച്ചതിനു പിന്നാലെയാണ് പ്രതിഷേധ സൂചകമായി തിങ്കളാഴ്ച കടകൾ അടച്ചിട്ടത്. ചൊവ്വാഴ്ചയും കടകൾ അടഞ്ഞുകിടക്കുകയാണ്.
സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചാണ് മീറ്റ് ട്രേഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കടകൾ അടച്ചിടുന്നത്. ‘ഒരു കച്ചവടക്കാരനും ബീഫ് വിൽക്കില്ല. ഞങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. സമീപകാല സംഭവങ്ങളെ തുടർന്ന് ബെലഗാവിയിൽനിന്ന് ഉരുക്കളെ കൊണ്ടുവരാൻ ഡ്രൈവർമാർ വിസമ്മതിക്കുകയാണ്‘ -അസോസിയേഷൻ പ്രസിഡന്റ് മന്ന ബെപാരി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇടപെട്ടിട്ടുണ്ട്. നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘ഗോവക്കാർക്ക് മികച്ചതും വൃത്തിയുള്ളതുമായ ബീഫ് ലഭിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇറച്ചി വ്യാപാരികൾ ഗോവ മീറ്റ് കോംപ്ലക്‌സിൽ നിന്ന് ബീഫ് വാങ്ങണമെന്ന് നിർബന്ധിച്ചതിനു പിന്നിൽ ഈ താൽപര്യമാണ്. ഉപഭോക്താക്കൾക്ക് വൃത്തിയുള്ള മാംസം ലഭിക്കാനാണ് ഇത് ചെയ്യുന്നത്. എന്നാൽ, ആരെങ്കിലും ഇടപെട്ടാൽ സർക്കാർ കർശന നടപടിയെടുക്കും. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല. ഗോവക്കാർക്ക് ഗുണനിലവാരമുള്ള ബീഫ് നൽകുന്നതിനാണ് ഞങ്ങളുടെ മുൻഗണന’ -സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഗോവയിലുടനീളം 75ലേറെ ബീഫ് കടകളുണ്ട്. ഇവയിൽ 250ലേറെപ്പേരാണ് ജോലി ചെയ്യുന്നത്. ദിവസം 25 ടണ്ണിലേറെ ബീഫ് വിൽക്കുന്ന ഗോവയിൽ ഇതിന്റെ പകുതിയോളവും വരുന്നത് അടുത്ത സംസ്ഥാനങ്ങളിൽനിന്നാണ്.
മുഖ്യമന്ത്രി പ്രമോദ് സാവന്ത് കൂടിക്കാഴ്ചക്ക് തയാറാവണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. ഗുണ്ടകളുടെ ആക്രമണങ്ങൾ തടയുകയും ഉരുക്കളെ വാഹനങ്ങളിൽ കൊണ്ടുപോകുമ്പോൾ സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.
‘ഗോവ എക്കാലത്തും അതിന്റെ സമാധാനപരമായ സഹവർത്തിത്വത്തിൽ അഭിമാനിക്കുന്ന ഇടമാണ്. വ്യാപാരികൾക്കെതിരായ ആക്രമണങ്ങൾ തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. മതത്തിന്റെ മറവിൽ വർഗീയ സംഘർഷങ്ങൾ വർധിക്കുന്നത് ആശങ്കാജനകമാണ്. പതിറ്റാണ്ടുകളായി ഗോവ കാത്തുസൂക്ഷിക്കുന്ന ഐക്യത്തിനും സമാധാനത്തിനും ഭീഷണിയാണിത്’ -മുഖ്യമന്ത്രി സാവന്തിന് എഴുതിയ കത്തിൽ അസോസിയേഷൻ ഓഫ് ഓൾ ഗോവ മുസ്‍ലിം ജമാഅത്ത് പ്രസിഡന്റ് ബഷീർ അഹമ്മദ് ഷെയ്ഖ് ചൂണ്ടിക്കാട്ടി.
‘പശുസംരക്ഷകരെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടർ പശുക്കളെ ശരിക്കും ശ്രദ്ധിക്കുന്നില്ല. കൊള്ളയടിക്കുന്നതിലാണ് അവർക്ക് താൽപര്യം. കച്ചവടം തുടരണമെങ്കിൽ പണം നൽകണമെന്ന് അവർ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു. അവർ നേരത്തെ സംസ്ഥാന അതിർത്തിയിൽ വന്ന് ഞങ്ങളെ ഉപദ്രവിക്കുമായിരുന്നു. ഇപ്പോൾ അവർ ഞങ്ങളുടെ കടകളിലേക്ക് കടന്നുകയറുന്നു. നിയമപരമായ രീതിയിൽ കച്ചവടം നടത്തുന്ന ഞങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ല’ -അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷബീർ ഷെയ്ഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.