സ്വന്തമായി ഇരുനില വീട്, കൃഷിഭൂമി, വിലയേറിയ ഫോൺ; യാചകയുടെ ഒന്നര മാസത്തെ വരുമാനം രണ്ടര ലക്ഷം
text_fieldsഭോപ്പാൽ: തെരുവിൽ യാചകവൃത്തി നടത്തിയ കുടുംബത്തിന്‍റെ വരുമാനം കേട്ട് ഞെട്ടി പുനരധിവസിപ്പിക്കാനെത്തിയവർ. രണ്ടര ലക്ഷം രൂപയാണ് മധ്യപ്രദേശിലെ ഇൻഡോർ കേന്ദ്രീകരിച്ച് യാചകവൃത്തി നടത്തിയ കുടുംബം സമ്പാദിച്ചത്. കൂടാതെ, രാജസ്ഥാനിൽ ഇരുനില വീട്, കൃഷിഭൂമി എന്നിവയും വിലയേറിയ സ്മാർട് ഫോണും ബൈക്കുമെല്ലാം കുടുംബത്തിനുണ്ട്. പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ ഉപയോഗിച്ച് യാചകവൃത്തി നടത്തിയാണ് കുടുംബം വൻ തുക നേടിയത്. സംഭവത്തിൽ കുട്ടികളുടെ അമ്മയായ ഇന്ദ്ര ബായിയെ ഇൻഡോർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളെ ഭിക്ഷയാചിപ്പിച്ചതിനാണ് കേസ്. കോടതി ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
യാചകരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് കുഞ്ഞുങ്ങൾ ഭിക്ഷയാചിക്കുന്നത് ശ്രദ്ധിച്ചത്. ഇവരെയും കുടുംബത്തെയും പുനരധിവസിപ്പിക്കാനായി സമീപിച്ചപ്പോഴാണ് കുഞ്ഞുങ്ങളെ ഉപയോഗിച്ച് ലക്ഷങ്ങൾ സമ്പാദിക്കുന്ന യാചക ബിസിനസാണ് നടന്നുവന്നതെന്ന് തെളിഞ്ഞത്.
ഇന്ദ്ര ബായിക്കും ഭർത്താവിനും നാല് കുഞ്ഞുങ്ങളുണ്ട്. 10, എട്ട്, മൂന്ന്, രണ്ട് വയസുള്ളവരാണ് കുട്ടികൾ. ഇവരെ ഇൻഡോറിലെ തിരക്കേറിയ ലവകുശ സ്ക്വയറിലും മറ്റ് ആരാധനാ കേന്ദ്രങ്ങളിലും ഇരുത്തിയാണ് ഭിക്ഷ യാചിച്ചിരുന്നത്. ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരെയാണ് ഇവർ ലക്ഷ്യമിട്ടത്.
മകളെയും കൊണ്ട് ഭിക്ഷയാചിക്കവേയാണ് ഫെബ്രുവരി ഒമ്പതിന് ഇന്ദ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ ഭർത്താവ് മറ്റ് കുട്ടികളുമായി സ്ഥലത്തുനിന്ന് മുങ്ങി. ഇന്ദ്രയുടെ കൈയിൽ 19,600 രൂപയും കുട്ടിയുടെ കൈയിൽ 600 രൂപയുമുണ്ടായിരുന്നു. പട്ടിണികിടന്ന് മരിക്കുന്നതിലും നല്ലത് യാചിക്കുകയാണെന്ന് ആയിരുന്നു ഇവർ ആദ്യം പറഞ്ഞത്. എന്നാൽ, വിശദമായ ചോദ്യം ചെയ്യലിലാണ് ഭിക്ഷയാചിക്കുന്നതിലൂടെ വലിയ വരുമാനം കണ്ടെത്തുന്നതായി വെളിപ്പെടുത്തിയത്. രാജസ്ഥാനിലെ കോട്ടയിലെ വീടും സ്ഥലവുമെല്ലാം ഇങ്ങനെയുണ്ടാക്കിയ പണംകൊണ്ട് വാങ്ങിയതാണെന്നും ഇവർ വെളിപ്പെടുത്തി.
ഇൻഡോർ മുനിസിപ്പൽ കോർപറേഷനുമായി ചേർന്നാണ് സൻസ്ത പ്രവേശ് എന്ന സന്നദ്ധ സംഘടന യാചകരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്നത്. നഗരത്തിലെ 7000 യാചകരെ കുറിച്ചുള്ള വിവരം ഇവർ ശേഖരിച്ചിട്ടുണ്ട്. 50 ശതമാനത്തോളവും കുട്ടികളാണെന്ന് ഇവർ പറയുന്നു. എല്ലാവരും ചേർന്ന് ഏകദേശം 20 കോടിയോളം ഒരു വർഷം യാചിച്ച് നേടുന്നുവെന്ന് സംഘടന പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.