യാചകി ക്ഷേത്രത്തിന് സംഭാവന നൽകിയത് രണ്ടര ലക്ഷം രൂപ
text_fieldsമൈസൂരു: ക്ഷേത്രനടയിൽ ഭിക്ഷയാചിച്ച് കിട്ടിയതത്രയും ക്ഷേത്രത്തിന് തന്നെ നൽകി സീതാലക്ഷ്മി വാർത്തകളിൽ ഇടംപിടിച്ചു. മൈസൂരിലെ വോണ്ടിക്കോപ്പൽ പ്രസന്ന ആഞ്ജനേയ സ്വാമിക്ഷേത്ര നടയിൽ ഭിക്ഷയാചിച്ചിരുന്ന വൃദ്ധയാണ് വർഷങ്ങളായി സ്വരൂപിച്ച രണ്ടര ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന ചെയ്തത്. ശാരീരിക അവശതമൂലം ജോലിക്ക് പോകാൻ സാധിക്കാത്തതിനെ തുടർന്ന് വർഷങ്ങളായി ക്ഷേത്രത്തിനു മുൻവശത്ത് ഭിക്ഷയെടുക്കുകയാണ് 85കാരിയായ സീതാലക്ഷ്മി. ഇങ്ങനെ ലഭിച്ച തുകയാണ് ക്ഷേത്രത്തിന് ൈകമാറിയത്. ഗണേശോത്സവത്തോടനുബന്ധിച്ച് 30,000 രൂപയും ശേഷം രണ്ടു ലക്ഷം രൂപയുമാണ് നൽകിയത്.
ക്ഷേത്രത്തിലെ ഭക്തർ തനിക്ക് ദാനം തന്ന തുകയാണിത്. ദൈവമാണ് തനിക്കെല്ലാം. പണം താൻ സൂക്ഷിക്കുകയാണെങ്കിൽ ആരെങ്കിലും അത് മോഷ്ടിക്കും. അതിനാൽ തന്നെ സംരക്ഷിക്കുന്ന ക്ഷേത്രത്തിനു തുക കൈമാറാൻ തീരുമാനിക്കുകയായിരുന്നു. എല്ലാ ഹനുമാൻ ജയന്തി ദിനത്തിലും ഭക്തർക്ക് ക്ഷേത്രത്തിൽ നിന്ന് പ്രസാദം നൽകണമെന്നതു മാത്രമാണ് തെൻറ ആഗ്രഹമെന്നും അവർ പറഞ്ഞു.
സീതാലക്ഷ്മി നൽകിയ തുക നീതിപൂർവമായി ചെലവഴിക്കുമെന്നും അവർക്ക് വേണ്ട സംരക്ഷണം നൽകുമെന്നും ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ എം. ബസവരാജ് അറിയിച്ചു. സംഭാവനയുടെ വാർത്ത പ്രചരിച്ചതോടെ പലരും സീതാലക്ഷ്മിക്ക് കൂടുതൽ തുക നൽകുകയും അനുഗ്രഹം വാങ്ങുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.