ബെഞ്ച് മാറ്റ വിവാദം വീണ്ടും; വിശദീകരണവുമായി ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയിൽ ബെഞ്ച് മാറ്റ വിവാദം വീണ്ടും. ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിനിന്റെ ജാമ്യഹരജി ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണയുള്ള ബെഞ്ചിൽനിന്ന് ജസ്റ്റിസ് ബേല എം. ത്രിവേദിയുടെ ബെഞ്ചിലേക്കു മാറ്റിയതാണ് ഒടുവിലത്തെ സംഭവം.
വ്യാഴാഴ്ച രാവിലെ സത്യേന്ദ്ര ജെയിനിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വിയാണ് വിഷയം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മുമ്പാകെ ഉന്നയിച്ചത്. ജാമ്യ ഹരജിയിൽ ജസ്റ്റിസ് ബൊപ്പണ്ണയുടെ ബെഞ്ച് രണ്ടര മണിക്കൂർ വാദംകേട്ടതാണെന്നും പിന്നെ എന്തുകൊണ്ടാണ് ബെഞ്ച് മാറ്റിയതെന്നും അഭിഷേക് സങ്വി ചോദിച്ചു.
ഒരു ജഡ്ജിക്കു മുമ്പാകെ ലിസ്റ്റ് ചെയ്യുന്ന കേസുകളിൽ അവർ എടുക്കുന്ന തീരുമാനങ്ങളെ നിയന്ത്രിക്കാനാവില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് അന്നേരം നൽകിയ മറുപടി. എന്നാൽ, പിന്നീട് ബെഞ്ച് മാറ്റത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ് രംഗത്തുവന്നു.
ആരോഗ്യപരമായ കാരണങ്ങളാൽ ദീപാവലി അവധിക്കുശേഷം ജസ്റ്റിസ് ബൊപ്പണ്ണ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്നും താൻ കേട്ട കേസുകളിൽ കൂടെയുള്ളവരുടെ ബെഞ്ചുകളിലേക്ക് മാറ്റണമെന്ന് അഭ്യർഥിച്ചിരുന്നുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തൽഫലമായി, കേസ് അവസാനമായി ജസ്റ്റിസ് ബൊപ്പണ്ണ കേട്ടപ്പോൾ ബെഞ്ചിലെ മറ്റംഗമായിരുന്ന ജസ്റ്റിസ് ത്രിവേദിയെ ഏൽപിച്ചതാണെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.
ജഡ്ജിയാകുംമുമ്പ് ഗുജറാത്ത് സർക്കാറിലെ നിയമ ഓഫിസറായിരുന്ന ജസ്റ്റിസ് ത്രിവേദിയുടെ ബെഞ്ചിലേക്ക് കേസ് മാറ്റിയത് വിവാദമാകുന്നത് ഇതാദ്യമല്ല. ജസ്റ്റിസ് ത്രിവേദിയുടെ ബെഞ്ചിനു മുമ്പാകെ ലിസ്റ്റ് ചെയ്യപ്പെടുന്ന യു.എ.പി.എ കേസുകളിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കഴിഞ്ഞയാഴ്ച സുപ്രീംകോടതി രജിസ്ട്രിക്ക് കത്തെഴുതിയിരുന്നു.
ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ ബെഞ്ച് പരിഗണിച്ചിരുന്ന കേസ് ജസ്റ്റിസ് ത്രിവേദിയുടെ ബെഞ്ചിലേക്കു മാറ്റിയതിനെതിരെ തമിഴ്നാട് വിജിലൻസ് ഡയറക്ടറും സുപ്രീംകോടതി രജിസ്ട്രിക്ക് കത്തയക്കുകയുണ്ടായി.
സുപ്രധാന കേസുകൾ പരിഗണിച്ചിരുന്ന ബെഞ്ചുകൾ മാറ്റി പുതിയ ബെഞ്ചുകളെ നിയോഗിക്കുന്ന രജിസ്ട്രിയുടെ രീതിയിൽ അതൃപ്തിയറിയിച്ച് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ കഴിഞ്ഞയാഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനു തുറന്ന കത്തെഴുതിയിരുന്നു.
മനുഷ്യാവകാശം, അഭിപ്രായ സ്വാതന്ത്ര്യം, ഭരണഘടനാ സ്ഥാപനങ്ങളുടെ നടത്തിപ്പിലെ പ്രശ്നം ഇവയുമായി ബന്ധപ്പെട്ട പ്രധാന കേസുകളിൽ ജഡ്ജിമാരെ മാറ്റുന്നതിലെ അതൃപ്തിയാണു കത്തിലുള്ളത്. ഇതിന്റെ പേരിൽ ദവെക്കെതിരെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ രംഗത്തുവരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.