നേട്ടം പ്രാദേശിക പാർട്ടികൾക്ക്; തിരിച്ചടി ദേശീയ പാർട്ടികൾക്ക്
text_fieldsന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ഏറെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ് അഞ്ചു നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം. രാജ്യത്തെ പ്രബലമായ രണ്ട് ദേശീയ കക്ഷികളേക്കാൾ പ്രാദേശിക കക്ഷികൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമാണെന്ന് ഈ ഫലം തെളിയിച്ചു. ബംഗാളിലെ തോൽവിയിലൂടെ പ്രധാനമന്ത്രിക്ക് തന്നെ നാണക്കേടുമായി.
പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിനെ ദേശീയ തെരഞ്ഞെടുപ്പാക്കി മാറ്റിയത് ബി.ജെ.പി തന്നെയായിരുന്നു. നിയമസഭയിലേക്കായിരുന്നു തെരഞ്ഞെടുപ്പ് എങ്കിലും മോദിയും മമതയും തമ്മിലുള്ള പോരാട്ടമാക്കി അതിനെ മാറ്റി.
2019ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം മോദിയുടെയും അമിത് ഷായുടെയും ശ്രദ്ധ ബംഗാളിൽ മാത്രമായിരുന്നു. അഞ്ചു നിയമസഭാ െതരഞ്ഞെടുപ്പുകളിലും അവർ ഊന്നിയത് ബംഗാളിൽ തന്നെ. എന്നാൽ 2019ലെ പൊതുതെരഞ്ഞെടുപ്പിൽ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ ലഭിച്ച ലീഡ് പ്രകാരം 27 മണ്ഡലങ്ങൾ കൂടി പിടിച്ചാൽ ബംഗാൾ ഭരണം കിട്ടുമെന്ന വിശ്വാസത്തിലായിരുന്നു ബി.ജെ.പി. 27 മണ്ഡലങ്ങൾ പിടിക്കാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല, അമ്പതോളം സീറ്റുകളിൽ മേൽക്കെ നഷ്ടപ്പെടുത്തുക കൂടിയാണ് മോദി-ഷാ കൂട്ടുകെട്ട് ചെയ്ത്.
കേരളത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്ന ബി.ജെ.പി ഇക്കുറി എം.എൽ.എമാരുടെ എണ്ണം കൂട്ടാൻ നടത്തിയ നീക്കം ഫലം കണ്ടില്ലെന്ന് മാത്രമല്ല, ഉള്ള ഏക സീറ്റും നഷ്ടപ്പെടുത്തി. ആറോളം സീറ്റുകൾ നേടുമെന്ന് കരുതിയ ബി.ജെ.പി അവസാന നിമിഷം വരെ പൊരുതിയിട്ടും അവയിലൊന്നിൽ പോലും ജയിക്കാനായില്ല. പ്രാദേശിക കക്ഷികൾക്കൊപ്പം നിന്ന് പുതുച്ചേരിയിൽ അഞ്ച് സീറ്റുകൾ നേടിയ ബി.ജെ.പിക്ക് തമിഴ്നാട്ടിൽ മൂന്ന് എം.എൽ.എമാരെ മാത്രമേ നേടാനായുള്ളു.
അസമിൽനേടിയ തിളക്കമില്ലാത്ത ജയം മാത്രമാണ് ബി.ജെ.പിയുടെ ആശ്വാസം. ബദ്റുദ്ദീൻ അജ്മലിെൻറ എ.ഐ.യു.ഡി.എഫുമായും ബോഡോ പിപ്പിൾസ് ഫ്രൻറുമായും മഹാസഖ്യമുണ്ടാക്കിയിട്ടും കോൺഗ്രസിന് ഭരണം നേടാൻ കഴിയാത്തത് വലിയ തിരിച്ചടിയായി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസിെൻറ ജയത്തിനായി ഒരു പോലെ പണിയെടുത്ത രണ്ട് സംസ്ഥാനങ്ങളായിരുന്നു കേരളവും അസമും. രണ്ടിടത്തെയും തോൽവി കോൺഗ്രസിനെ ദേശീയ രാഷ്ട്രീയത്തിൽ വീണ്ടും അപ്രസക്തമാക്കും.
കേരളത്തിൽ ഭരണം നിലനിർത്തിയത് ഇടതുപക്ഷത്തിന് ദേശീയതലത്തിൽ സ്വീകാര്യതയേറ്റിയെങ്കിലും കോൺഗ്രസിനൊപ്പം ചേർന്ന് ബംഗാളിൽ നടത്തിയ രാഷ്ട്രീയ പരീക്ഷണത്തിലൂടെ നിലവിലുള്ള സീറ്റുകളും നഷ്ടപ്പെടുത്തി സംപൂജ്യരായി. അതേ സമയം ബംഗാൾ പിടിച്ച തൃണമൂൽ കോൺഗ്രസും തമിഴ്നാട്ടിൽ സഖ്യത്തെ നയിച്ച ഡി.എം.കെയും ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ വിലപേശൽ ശക്തികളായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.