'ആനുകൂല്യം ഇടനിലക്കാർക്ക്'; വൈദ്യുതി സബ്‌സിഡി പദ്ധതിയിൽ എ.എ.പിക്കെതിരെ ബി.ജെ.പി
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ വൈദ്യുതി കമ്പനികളുടെ 3,229 കോടി രൂപയുടെ കുടിശ്ശിക എഴുതിത്തള്ളിയെന്ന് ബി.ജെ.പിയുടെ രാജ്യസഭ എം.പി സുധാൻഷു ത്രിവേദി. ഈ കുടിശ്ശിക സർക്കാരിന് സ്വകാര്യ കമ്പനികൾ നൽകേണ്ടതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ ജനങ്ങൾക്ക് ഇളവ് നൽകുന്നതിനല്ല മറിച്ച് ഇടനിലക്കാർക്ക് നേട്ടമുണ്ടാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെന്ന് ത്രിവേദി ആരോപിച്ചു. ലേറ്റ് ഫീസിന്റെ പേരിൽ സ്വകാര്യ കമ്പനികൾക്ക് 18 ശതമാനം പിരിക്കാൻ അനുമതി നൽകിയെങ്കിലും അതേ കമ്പനികൾ ഡൽഹി സർക്കാരിന് 12 ശതമാനം മാത്രമാണ് നൽകുന്നതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ആദേശ് ഗുപ്തയുമായി നടത്തിയ വാർത്താസമ്മേളനത്തിൽ ത്രിവേദി പറഞ്ഞു.
"ആറ് ശതമാനം തുക എവിടെപ്പോയി? അതിനെക്കുറിച്ച് ഒരു വിവരവുമില്ല. അതായത് 8000 കോടി എവിടെപ്പോയെന്ന് ആർക്കും അറിയില്ല. ഇതിന് പുറമേ ബോർഡിലേക്ക് എ.എ.പി എം.പിയുടെ മകനെയും നിയമിച്ചു. ഇതിന് പിന്നിലെ കാരണത്തെ കുറിച്ച് സർക്കാർ ഇതുവരെ ഉത്തരം നൽകിയിട്ടുമില്ല"- ബി.ജെ.പി നേതാവ് പറഞ്ഞു. ഡൽഹിയിൽ എൽ.പി.ജിക്ക് സബ്‌സിഡി നൽകാമെങ്കിൽ എന്തുകൊണ്ട് വൈദ്യുതിക്ക് സബ്‌സിഡി നൽകാനാകില്ലെന്ന് കെജ്രിവാൾ മറുപടി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.