കാർഷിക നിയമങ്ങൾ കോർപറേറ്റ് അനുകൂലം; പ്രമേയം പാസാക്കി ബംഗാളും
text_fieldsകൊൽക്കത്ത: കേന്ദ്രസർക്കാറിന്‍റെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കി പശ്ചിമബംഗാളും. പ്രതിപക്ഷത്തിന്‍റെ എതിർപ്പുകൾ മറികടന്നാണ് മമത ബാനർജി സർക്കാർ പ്രമേയം പാസാക്കിയത്.
പ്രതിപക്ഷമായ ബി.ജെ.പി എം.എൽ.എമാർ സഭയുടെ നടുത്തളത്തിലിറങ്ങുകയും ബഹളം വെക്കുകയും ചെയ്തു. പിന്നീട് മനോജ് തിഗ്ഗയുടെ നേതൃത്വത്തിൽ ബി.ജെ.പി എം.എൽ.എമാർ ജയ് ശ്രീറാം മുഴക്കി നിയമസഭയിൽനിന്ന് പുറത്തുപോയി.
പാർലമെന്‍ററികാര്യ മന്ത്രി പാർഥ ചാറ്റർജിയാണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. മൂന്നു കാർഷിക നിയമങ്ങളും കർഷക വിരുദ്ധമാണെന്നും കോർപറേറ്റുകൾക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. കാർഷിക നിയമങ്ങളിലൂടെ കേന്ദ്രസർക്കാർ പൊതുവിതരണ സംവിധാനത്തെ തകർക്കുമെന്നും കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടത്, കോൺഗ്രസ് എം.എൽ.എമാരുടെ പിന്തുണയോടെയാണ് പ്രമേയം പാസാക്കിയത്. ബി.ജെ.പി കാർഷിക നിയമങ്ങൾ പാർലമെന്‍റിൽ മൃഗീയ ശക്തി ഉപയോഗിച്ച് പാസാക്കുകയായിരുന്നുവെന്നും കേന്ദ്രം നിയമങ്ങൾ പിൻവലിക്കണമെന്നും മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു.
'എല്ലാ പ്രക്ഷോഭങ്ങളും തീവ്രവാദ പ്രവർത്തനങ്ങളുമായി കൂട്ടിക്കെട്ടാനാണ് എപ്പോഴും ബി.ജെ.പിയുടെ ശ്രമം. നിയമം മുഴുവൻ കർഷക വിരുദ്ധമാണ്. പാർലമെന്‍റിൽ ബി.ജെ.പി മൃഗീയ ശക്തി പ്രകടിപ്പിച്ചു. കർഷകരെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള ശ്രമത്തെ ഞങ്ങൾ അംഗീകരിക്കില്ല' -ബി.ജെ.പി എം.എൽ.എമാർ പ്രതിഷേധമുയർത്തിയേതാടെ മമത ബാനർജി പറഞ്ഞു.
കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന ആറാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. നേരത്തേ പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, കേരളം, ഡൽഹി എന്നീ സംസ്ഥാനങ്ങൾ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.