ബംഗാൾ ഉപതെരഞ്ഞെടുപ്പ്; പ്രചാരണം തുടങ്ങി തൃണമൂൽ, സ്ഥാനാർഥിയെ ഒറ്റക്കെട്ടായി നിർണയിക്കുമെന്ന് കോൺഗ്രസ്
text_fieldsകൊൽക്കത്ത: ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം ആരംഭിച്ച് തൃണമൂൽ കോൺഗ്രസും മുഖ്യമന്ത്രി മമത ബാനർജിയും. സെപ്റ്റംബർ 30നാണ് ഉപതെരഞ്ഞെടുപ്പ്. മമത ബാനർജി വീണ്ടും ജനവിധി തേടുന്ന ഭവാനിപൂരിലാണ് ഉപെതരഞ്ഞെടുപ്പ്.
ആദ്യ ഘട്ട പ്രചാരണത്തിനായി ചുവരെഴുത്തുകളിൽ കേന്ദ്രീകരിച്ചിരിക്കുകയാണ് തൃണമൂൽ പ്രവർത്തകർ. 'ഭവാനിപൂരിന് സ്വന്തം മകളെ വേണം' എന്ന ക്യാപ്ഷനോടെയാണ് മമതക്ക് വേണ്ടിയുള്ള ചുവരെഴുത്തുകൾ.
ഭവാനിപൂർ സ്വദേശിയായ മമത 2011മുതലുള്ള രണ്ടു തെരഞ്ഞെടുപ്പുകളിലും സ്വന്തം മണ്ഡലത്തിൽനിന്നാണ് ജനവിധി തേടിയത്. എന്നാൽ ഈ വർഷം ഏപ്രിൽ -മേയ് മാസങ്ങളിലായി നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലം വിട്ട് നന്ദിഗ്രാമിൽനിന്ന് ജനവിധി തേടുകയായിരുന്നു. സംസ്ഥാനത്ത് പാർട്ടി വൻ വിജയം നേടിയപ്പോൾ തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് മമതക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
'ഭവാനിപൂർ മണ്ഡലത്തിലേക്ക് ദീദി വീണ്ടും വരുന്നതിന്‍റെ ആവേശത്തിലാണ് ഞങ്ങൾ. അവർ വളർന്നത് ഇവിടെയാണ്. അവരുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ തുടക്കവും ഇവിടെനിന്നുതന്നെ' -തൃണമൂൽ പ്രവർത്തകൻ പറഞ്ഞു.
ഞങ്ങളെ സംബന്ധിച്ച് വെല്ലുവിളി ദീദിയുടെ വിജയമല്ലെന്നും ഭൂരിപക്ഷത്തിന്‍റെ റെക്കോർഡാണെന്നും മറ്റൊരു തൃണമൂൽ പ്രവർത്തകൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും മമത ബാനർജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. നിയമസഭയിൽ അംഗമല്ലാത്തൊരാൾ മന്ത്രിസ്ഥാനത്തെത്തുകയാണെങ്കിൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണം. മമത ബാനർജിക്കായി തൃണമൂൽ എം.എൽ.എയും ക്യാമ്പിനറ്റ് മന്ത്രിയുമായ സോവൻദേബ് ചാത്തോപാധ്യായ സ്ഥാനം ഒഴിയുകയായിരുന്നു.
അതേസമയം മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഭവാനിപൂരിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഒറ്റക്കെട്ടായി നിലപാടെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ഇൗ മാസം അവസാനം ഭവാനിപൂർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ തെരഞ്ഞെടുപ്പ് കമീഷനെ പ്രേരിപ്പിച്ചത് എന്താണെന്നും പശ്ചിമബംഗാൾ പി.സി.സി പ്രസിഡന്‍റ് അധീർ രഞ്ജൻ ചൗധരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.