ബംഗാൾ സംഘർഷം: അടിയന്തര ഇടപെടലിന് രാഷ്ട്രീയ മാനങ്ങൾ
text_fieldsന്യൂഡൽഹി: അതിരുകടന്ന ആത്മവിശ്വാസവുമായി ബംഗാൾ പിടിക്കാനിറങ്ങിയ ബി.ജെ.പിെയ നിരാശരാക്കിയ തെരഞ്ഞെടുപ്പ് ഫലത്തിനൊടുവിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിെൻറ ഇടെപടലിന് രാഷ്ട്രീയ മാനങ്ങളേറെ. ബി.ജെ.പിയുടെ കണക്കുകൂട്ടൽ തെറ്റിച്ച് മമത ബാനർജി 200ലേറെ സീറ്റുകൾ പിടിച്ച സാഹചര്യത്തിൽ ബി.ജെ.പി എം.എൽ.എമാരിൽ ഒരുവിഭാഗം തൃണമൂലിലേക്ക് കൂറുമാറിയേക്കുമെന്ന ആശങ്കയാണ് അടിയന്തര ഇടപെടലിന് കേന്ദ്ര സർക്കാറിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. കേന്ദ്രം സംരക്ഷണത്തിനുണ്ടെന്ന് ബോധ്യപ്പെടുത്തി, ആത്മവിശ്വാസം നഷ്ടപ്പെട്ട നേതാക്കളെയും അണികളെയും പിടിച്ചുനിർത്തുകയാണ് മോദിയുടെയും അമിത് ഷായുടെയും ഇടപെടലിെൻറ ലക്ഷ്യം.
തൃണമൂൽ - ബി.ജെ.പി ഏറ്റുമുട്ടൽ നടക്കുേമ്പാൾ പൊലീസും ക്രമസമാധാന സംവിധാനവുമെല്ലാം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ നിയന്ത്രണത്തിലായിരുന്നതിനാൽ മമതക്കും തൃണമൂൽ കോൺഗ്രസിനും മേൽ കുറ്റം ചാർത്താൻ നിയമപരമായി കേന്ദ്ര സർക്കാറിനും അവരുടെ നോമിനിയായ ഗവർണർക്കും കഴിയില്ല.
മമതയോട് വിധേയത്വമുള്ള പൊലീസ് ഓഫിസർമാരെ മാറ്റി കേന്ദ്ര സർക്കാറും സംസ്ഥാന ബി.ജെ.പി ഘടകവും നിർദേശിച്ചവരെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ചാണ് പൂർണമായും കേന്ദ്രസേനയുടെ നിയന്ത്രണത്തിൽ തെരഞ്ഞെടുപ്പ് നടത്തിയത്. അതുകൊണ്ടാണ് പ്രധാനമന്ത്രി വിളിച്ചിട്ടും, മമതയോട് സംഘർഷം ശമിപ്പിക്കാൻ പറയാൻ സത്യപ്രതിജ്ഞ കഴിയുന്നതുവരെ ബംഗാൾ ഗവർണർ കാത്തിരുന്നത്. എന്നാൽ, സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിറകെ തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും മാറ്റി തൽസ്ഥാനത്ത് പഴയ ഉദ്യോഗസ്ഥരെ പുനഃപ്രതിഷ്ഠിച്ച് ഉത്തരവിറക്കുകയാണ് മമത ചെയ്തത്. സംസ്ഥാനത്തിെൻറ നിയന്ത്രണം ഇനിമുതൽ തെൻറ കൈയിലാണെന്ന് വ്യക്തമാക്കുകയായിരുന്നു മമത.
ഭരിക്കാനുള്ള കേവല ഭൂരിപക്ഷത്തിന് 148 സീറ്റ് മതിയാകുമെങ്കിലും 160 കിട്ടിയാൽപോലും ബി.ജെ.പി, എം.എൽ.എമാരെ വിലക്കെടുത്ത് തൃണമൂൽ സർക്കാറിനെ അട്ടിമറിക്കുമെന്ന് മമത ബാനർജി പരസ്യമായി തന്നെ പറഞ്ഞിരുന്നു. അതിനാൽ എന്തുവില കൊടുത്തും 200 കവിയണം എന്ന തരത്തിലാണ് പ്രശാന്ത് കിഷോറും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞത്.
അധികാരം മമതയുടെ കൈയിലാവുകയും ബി.ജെ.പിക്ക് 100 തികയാതിരിക്കുകയും ചെയ്തതോടെ തങ്ങളുെട മൂന്നിലൊന്ന് എം.എൽ.എമാരെ മമത തിരികെ തൃണമൂലിലെത്തിക്കുമോ എന്ന ആധിയിലാണ് ബി.ജെ.പി. കൂറുമാറ്റവും പാർട്ടി മാറ്റവും ഒരു പ്രശ്നമല്ലാത്ത ബംഗാളിൽ തൃണമൂലിൽനിന്നും സി.പി.എമ്മിൽനിന്നും നേരത്തെ മറുകണ്ടം ചാടിയവരാണ് ജയിച്ച ബി.ജെ.പി സ്ഥാനാർഥികളിൽ പലരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.