ഷാജഹാൻ ഷെയ്ഖിനെ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും സന്ദേശ്ഖലിയിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുമായ ഷാജഹാൻ ശൈഖിനെ ഒടുവിൽ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ. സംസ്ഥാന സി.ഐ.ഡി വിഭാഗവുമായുള്ള പോരിന് ശേഷമാണ് സി.ബി.ഐക്ക് ഷെയ്ഖിനെ ബുധനാഴ്ച വൈകീട്ട് 6.45ന് വിട്ടുകൊടുത്തത്.
കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത് ശരിവെച്ച കൽക്കത്ത ഹൈകോടതി, ശൈഖിനെ സി.ബി.ഐക്ക് സി.ഐ.ഡി വിഭാഗം കൈമാറണമെന്ന് ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. സി.ഐ.ഡി ആസ്ഥാനമായ ഭവാനി ഭവന് മുന്നിൽ രണ്ട് മണിക്കൂർ കാത്തുനിന്നെങ്കിലും സി.ബി.ഐക്ക് ശൈഖിനെ കൈമാറിയിരുന്നില്ല. ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനാൽ ശൈഖ് തങ്ങളുടെ കസ്റ്റഡിയിൽ തുടരുമെന്നായിരുന്നു സി.ഐ.ഡിയുടെ മറുപടി. തുടർന്നാണ് സി.ബി.ഐ ബുധനാഴ്ച വീണ്ടും ഹൈകോടതിയിലെത്തിയത്. കഴിഞ്ഞ ദിവസത്തെ ഉത്തരവ് ഉടൻ നടപ്പാക്കാൻ കോടതി നിർദേശം നൽകുകയായിരുന്നു.
ബുധനാഴ്ച വൈകീട്ട് 4.15നകം ശൈഖിനെ സി.ബി.ഐക്ക് കൈമാറാനുള്ള അന്ത്യശാസനമായിരുന്നു നൽകിയത്. അതിനിടെ, വിഷയത്തിൽ പശ്ചിമ ബംഗാൾ സർക്കാറിനെതിരെ കോടതിയലക്ഷ്യ ഹരജി നൽകാൻ കൊൽക്കത്ത ഹൈകോടതി ബുധനാഴ്ച ഇ.ഡിക്ക് അനുമതി നൽകി. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള വിലപ്പെട്ട സമയം സി.ബി.ഐക്ക് നഷ്ടപ്പെടുകയാണെന്ന് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ആരോപിച്ചിരുന്നു. ജസ്റ്റിസുമാരായ ഹരീഷ് ടാണ്ഡൻ, ഹിരണ്മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി നൽകാൻ ഹരജിക്ക് അനുമതി നൽകിയത്.
സന്ദേശ്ഖലിയിലെ കൊടുങ്കാറ്റ് തൃണമൂലിനെ തകർക്കും -മോദി
ബരാസത്ത്: സന്ദേശ്ഖലിയിലെ കൊടുങ്കാറ്റ് ബംഗാളിൽ ആകെ വീശിയടിക്കുമെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ തകർക്കുന്നതിൽ സന്ദേശ്ഖലിയിലെ സ്ത്രീശക്തി നിർണായക പങ്കുവഹിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദേശ്ഖലിയിലെ സ്ത്രീകൾക്ക് എന്തു സംഭവിച്ചാലും അത് നാണക്കേടാണെന്ന് നോർത്ത് 24 പർഗാനാസ് ജില്ലാ ആസ്ഥാനമായ ബരാസത്തിൽ നടത്തിയ റാലിയിൽ മോദി പറഞ്ഞു. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനേക്കാൾ പ്രീണനരാഷ്ട്രീയത്തിനാണ് തൃണമൂൽ സർക്കാർ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.