ഗ്രാമീണവേരുകൾ ശക്തമാക്കിയെന്ന്; തദ്ദേശ തെരഞ്ഞെടുപ്പിന് പ്രതീക്ഷയോടെ ബംഗാൾ സി.പി.എം
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ കഴിഞ്ഞ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വെറുംകൈയോടെ കളമൊഴിയേണ്ടിവന്നതിന്റെ മോഹഭംഗം വിട്ടൊഴിഞ്ഞില്ലെങ്കിലും അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ കാത്ത് സി.പി.എം.
1978ൽ സംസ്ഥാനത്ത് ആദ്യമായി അധികാരത്തിൽ വന്നതുമുതലിങ്ങോട്ട് ശക്തമായ തദ്ദേശ ഭരണസമ്പ്രദായം കെട്ടിപ്പടുക്കാൻ കഴിഞ്ഞതിന്റെ പാരമ്പര്യവും അടുത്ത കാലത്തായി ഊർജിതമാക്കിയ ഗ്രാമീണമേഖലയിലെ പ്രവർത്തനവും 2023ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് തുണയാകുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ.
ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന നഗരസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ഏതാനും ചില വിജയങ്ങൾ കൈവരിക്കാൻ കഴിഞ്ഞിരുന്നു. നാദിയ ജില്ലയിലെ ഒരു നഗരസഭ ഭരണം പാർട്ടി തിരിച്ചുപിടിക്കുകയുണ്ടായി.
വിവിധ പ്രവർത്തനങ്ങളിലൂടെ പാർട്ടി ജനങ്ങളുമായി ശക്തമായ ബന്ധം പുനഃസ്ഥാപിച്ചുകഴിഞ്ഞുവെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സുജൻ ചക്രവർത്തി അവകാശപ്പെടുന്നത്.
ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെയും മറ്റും തൃണമൂൽ കോൺഗ്രസ് പിടിച്ചെടുത്ത തങ്ങളുടെ ഗ്രാമീണ കോട്ടകൾ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പോടെ പതിയെ തിരിച്ചുവരാൻ തുടങ്ങുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. 2008ൽ ഇടതിന്റെ കൈവശമുണ്ടായിരുന്ന തദ്ദേശ സീറ്റുകളിൽ 50 ശതമാനവും തൃണമൂൽ പിടിച്ചെടുക്കുകയുണ്ടായി.
ശേഷം 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സമ്പുർണ അടിയറവും പറഞ്ഞു. എന്നാൽ, നഷ്ടസ്വാധീനം ഇത്തവണ തിരിച്ചുപിടിക്കാനുള്ള എല്ലാ ശ്രമവും പാർട്ടി തുടങ്ങിയതായാണ് സി.പി.എം നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
''ഇടതു പാർട്ടികൾ അധികാരത്തിലേറിയതിനുശേഷം പഞ്ചായത്ത് സംവിധാനത്തിലൂടെ കെട്ടിപ്പടുത്ത ശക്തമായ തദ്ദേശ സ്ഥാപനങ്ങൾ ഈയടുത്ത കാലത്ത് ഭരണകക്ഷി കശാപ്പുചെയ്യുകയായിരുന്നു. കൊള്ളയടിക്കാനുള്ള ഭണ്ഡാരങ്ങളാക്കി തദ്ദേശ സ്ഥാപനങ്ങളെ അവർ മാറ്റി. വിധവ പെൻഷൻ, നൂറു തൊഴിൽ ദിനങ്ങൾ എന്നെല്ലാം പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നു'' -ചക്രവർത്തി ആരോപിച്ചു.
പഞ്ചായത്തുകളിലെ അഴിമതിയെയും കെടുകാര്യസ്ഥതയേയും കുറിച്ചുള്ള പരാതികൾ സ്വീകരിക്കാൻ പാർട്ടി ഹെൽപ് ലൈൻ നമ്പറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടതുപാർട്ടികളുടെ നേതൃത്വത്തിൽ ജില്ലതലങ്ങളിൽ നടക്കുന്ന പൊതു പരിപാടികൾക്ക് വൻ ജനപങ്കാളിത്തം ഉണ്ടാകുന്നതായും ചക്രവർത്തി അവകാശപ്പെട്ടു.
തെരഞ്ഞെടുക്കപ്പെട്ടതല്ലാത്ത വ്യക്തികൾക്ക് അധികാരം നൽകിയതുകാരണം പഞ്ചായത്തു സംവിധാനം അവതാളത്തിലായെന്ന് ആരോപിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് വന്നാൽ തൃണമൂലിനെ പരാജയപ്പെടുത്താൻ കാത്തിരിക്കുകയാണ് ജനങ്ങളെന്നും കൂട്ടിച്ചേർത്തു.
തദ്ദേശ സ്ഥാപനങ്ങളിൽ ഇപ്പോൾ നടക്കുന്ന അഴിമതിയിൽ ജനങ്ങൾ രോഷാകുലരാണെന്നും ചില തൃണമൂൽ നേതാക്കളുടെ സമ്പാദ്യം പല മടങ്ങായി വർധിച്ചത് എല്ലാവരും ശ്രദ്ധിക്കുന്നുണ്ടെന്നും പുർബ ബർധമാൻ ജില്ലയിൽ നിന്നുള്ള പ്രാദേശിക സി.പി.എം നേതാവ് ചൂണ്ടിക്കാട്ടി.
അതേസമയം, 2018ലെ തദ്ദേശ തെരഞ്ഞെടുപ്പു മുതൽ പ്രതിപക്ഷ സ്ഥാനത്തേക്കുവന്ന ബി.ജെ.പിയെ ഗ്രാമീണ ജനത ഇപ്പോൾ ഒരു ബദലായി കാണുന്നില്ലെന്ന് മറ്റൊരു സി.പി.എം നേതാവ് അഭിപ്രായപ്പെട്ടു.
സംസ്ഥാന ബി.ജെ.പി വിഭാഗീയതയിൽ വലയുകയാണെന്നും മതവിശ്വാസത്തെ ബംഗാളികൾ ഒരു തെരഞ്ഞെടുപ്പ് മന്ത്രമായി സ്വീകരിച്ചിട്ടില്ലെന്നും നേതാവ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.