ചോദ്യങ്ങൾക്ക് ഉത്തരം പറയൂ, ഇൗ ഓട്ടോറിക്ഷയിൽ യാത്ര ഫ്രീ
text_fieldsഅറിവിനായുള്ള അടങ്ങാത്ത ദാഹത്തിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ് സുരഞ്ജൻ കർമാക്കർ എന്ന ഓട്ടോറിക്ഷ ഡ്രൈവർ. തന്‍റെ തൊഴിൽ ജീവിതത്തിനിടയിലും പരമാവധി അറിവ് ആർജിക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. അതിനായി ഒരു സൂത്രവും സുരഞ്ജൻ കർമാക്കർ കണ്ടെത്തി. തന്‍റെ ഇ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്ന ആളുകളോട് ജനറൽ നോളജ് ചോദ്യങ്ങൾ ചോദിക്കും.
ഉത്തരം പറയുന്നവർക്ക് ഓട്ടോറിക്ഷയിൽ യാത്ര ഫുൾ ഫ്രീ. ഹൗറയിലെ ലിലുവയിൽ നിന്നുള്ള ഇ-റിക്ഷ (ടോട്ടോ) ഡ്രൈവറാണ് സുരഞ്ജൻ കർമാക്കർ. അറിവും കൂടുതൽ പഠിക്കാനുള്ള ആകാംക്ഷയും കൊണ്ട് യാത്രക്കാരെ വിസ്മയിപ്പിക്കുകയാണ് കർമാക്കർ. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത സങ്കലൻ സർക്കാർ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ സുരഞ്ജൻ കർമാക്കറിനെ കുറിച്ച് ലോകം അറിയാൻ ഇട വരുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സങ്കലൻ സുരഞ്ജന്‍റെ ഓട്ടോയിൽ യാത്രക്ക് കയറിയ അനുഭവമാണ് ഫേസ്ബുക്കിൽ കുറിച്ചത്. ഇന്ന് ഞാൻ ലിലുവയിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും രസകരമായ വ്യക്തികളിൽ ഒരാളെ കണ്ടുമുട്ടി.
ഞങ്ങൾ അദ്ദേഹത്തിന്‍റെ ടോട്ടോയിൽ (ബാറ്ററിയിൽ ഓടുന്ന ഇ-റിക്ഷ) രംഗോലി മാളിലേക്ക് യാത്ര ചെയ്യവേ, പെട്ടെന്ന് അദ്ദേഹം തിരിഞ്ഞ് ഞങ്ങളോട് ചോദിച്ചു, നിങ്ങൾക്ക് 15 ജനറൽ നോളജ് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുമെങ്കിൽ ഞാൻ നിങ്ങളിൽനിന്ന് യാത്രാനിരക്ക് ഇൗടാക്കില്ല -സർക്കാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. താൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂൾ വിടേണ്ടി വന്ന കാര്യവും കർമാക്കർ സർക്കാറിനോട് പങ്കുവെച്ചു. എന്നാൽ അതൊന്നും തന്‍റെ അറിവിനോടുള്ള ദാഹം കുറച്ചില്ലെന്നും ഇപ്പോഴും അത് തുടരുകയാണെന്നും അദ്ദേഹം പറയുന്നു. ലിലുവാ ബുക്ക് ഫെയർ ഫൗണ്ടേഷനിലെ അംഗമായ കർമാക്കർ തന്‍റെ റിക്ഷയിൽ ടിപ്പുസുൽത്താൻ അടക്കമുള്ള ചരിത്ര പുരുഷൻമാരുടെ ചിത്രങ്ങളും പതിപ്പിച്ചിട്ടുണ്ട്. താൻ ഒരേ സമയം ഹിന്ദുവും മുസ്ലിമും ആണെന്ന് സുരഞ്ജൻ കർമാക്കർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.