'സുചേതൻ' ആവാൻ 'സുചേതന'; ബുദ്ധദേബിന്‍റെ മകൾ ലിംഗമാറ്റ ശസ്ത്രക്രിയക്കൊരുങ്ങുന്നു
text_fieldsകൊൽക്കത്ത: ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ മകൾ സുചേതന ലിംഗമാറ്റ ശസ്ത്രക്രിയക്കൊരുങ്ങുന്നു. കുട്ടിക്കാലം മുതല്‍ മാനസികമായി താനൊരു ആണ്‍കുട്ടിയാണെന്നും ഇനി ശാരീരികമായിക്കൂടി ആണാവാന്‍ പോവുകയാണെന്നും സുചേതന വ്യക്തമാക്കി.
കൊൽക്കത്തയിൽ ഈയിടെ നടന്ന എൽ.ജി.ബി.ടി.ക്യു പ്ലസ് ശിൽപശാലയിൽ സുചേതന ട്രാൻസ്മാൻ എന്ന നിലയിൽ പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് താൻ ലിംഗമാറ്റ ശസ്ത്രക്രിയ തെരഞ്ഞെടുക്കുകയാണെന്ന് ഇവർ വ്യക്തമാക്കിയത്.
ലിംഗമാറ്റത്തിന്‍റെ നിയമപരമായ നടപടികൾ പൂർത്തിയാകും വരെ താൻ സുചേതന തന്നെയായിരിക്കുമെന്നും അതിനുശേഷം സുചേതൻ ആകുമെന്നും ഇവർ പറഞ്ഞു. അടുത്തവർഷത്തോടുകൂടിയാണ് ലിംഗമാറ്റം പൂർണമാകുക. എന്‍റെ കുടുംബത്തെ കുറിച്ച് ആളുകൾ എന്താണ് പറയുക എന്നതിനെ കുറിച്ച് എപ്പോഴും ആശങ്കയുണ്ടായിരുന്നു. എന്നാൽ, ഇതെന്‍റെ ജീവിതമാണ്, ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കണം -41കാരിയായ സുചേതന പറഞ്ഞു.
കുടുംബത്തിൽ തന്‍റെ തീരുമാനം പിതാവ് ബുദ്ധദേബ് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തു. അമ്മയ്ക്കാണ് ചെറിയൊരു നിഷേധസ്വരമുണ്ടായത്. ഈയൊരു വിഷയത്തിൽ എന്‍റെ കുടുംബത്തെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ല. കുട്ടിക്കാലം മുതൽക്കേ പുരുഷന്‍റെ മനസായിരുന്നു എനിക്ക്. അത് തിരിച്ചറിയാനും കഴിഞ്ഞിട്ടുണ്ട്. എനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ, മുടിവെട്ടുന്ന രീതി, ഇതെല്ലാം ആണുങ്ങളെപ്പോലെയായിരുന്നു. സ്കൂളിലോ കോളജിലോ ഈയൊരു പ്രത്യേകത കാരണം ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവന്നിട്ടില്ല. സുഹൃത്തുക്കളും അധ്യാപകരുമെല്ലാം പിന്തുണ തന്നു -സുചേതന പറഞ്ഞു.
മാധ്യമപ്രവർത്തകയായ സുചന്ദ മുഖർജിയാണ് സുചേതനയുടെ പങ്കാളി. സ്കൂൾകാലം മുതൽക്കേ തങ്ങൾ സുഹൃത്തുക്കളായിരുന്നെന്ന് സുചേതന പറയുന്നു. എന്നെ ഏറ്റവും കൂടുതൽ പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്തത് അവളാണ്. 2004ലാണ് ഞങ്ങൾ കേവലം സുഹൃത്തുക്കൾ മാത്രമല്ലെന്ന് തിരിച്ചറിഞ്ഞത് -സുചേതന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.