അന്തസാർന്ന അപകോളനിവൽക്കരണം അനിവാര്യം-ആനന്ദ ബോസ്
text_fieldsന്യൂഡൽഹി: കോളനിവാഴ്ചയുടെ അടയാളങ്ങളെ തച്ചുടക്കുകയല്ല, പകരം രാജ്യത്ത് അന്തസാർന്ന അപകോളനിവൽക്കരണമാണ് അനിവാര്യമെന്ന് പശ്ചിമ ബംഗാൾ ഗവർണർ ആനന്ദ ബോസ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പൈതൃക നിർമിതികൾക്ക് ബ്രിട്ടീഷുകാർ നൽകിയ പേരുകൾ മാറ്റുന്നതും പരിഗണിക്കേണ്ടതാണെന്ന് ആനന്ദ ബോസ് കൂട്ടിച്ചേർത്തു. ന്യൂഡൽഹി ചാണക്യപുരിയിലെ ബംഗാ ഭവനിൽ മലയാളി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ബംഗാൾ ഗവർണർ.
ബ്രിട്ടീഷ് കോളനിവാഴ്ചയുടെ ശേഷിപ്പുകളുടെ പേരുകൾ മാറ്റുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ച ബോസ് കൊൽക്കത്തയിലെ വിക്ടോറിയ മെമോറിയൽ വിക്ടേഴ്സ് മെമോറിയൽ എന്നാക്കി മാറ്റാനുള്ള അഭിപ്രായം ഉയർന്നുവന്നത് ചൂണ്ടിക്കാട്ടി. കൊൽക്കത്തയിൽ പഴയ ബ്രിട്ടീഷ് വൈസ്രോയിമാരുകെട പേരുകൾക്കൊപ്പം ‘ലോർഡ്’ എന്ന് പറയരുത്. ‘മിസ്റ്റർ’ എന്നാണ് പറയേണ്ടത്. മുൻ വൈസ്രോയിമാരുടെ ചരിത്ര ശേഷിപ്പുകൾ തേടി ബ്രിട്ടനിൽ നിന്നും അവരുടെ പിന്മുറക്കാർ ഇപ്പോഴും കൊൽക്കത്തയിൽ വരാറുണ്ട്. അവരുമായി ബന്ധപ്പെട്ട ചരിത്ര ശേഷിപ്പുകളുടെ ചിത്രങ്ങളും പകർപ്പുകളും ചോദിക്കുമ്പോൾ അവയൊന്നും ഇന്ത്യക്കെതിരെ ഉപയോഗിക്കില്ല എന്ന ഉപാധിയോടെ മാത്രമേ അനുവദിക്കാറുള്ളൂ. ചരിത്ര സ്മാരകങ്ങളും, പൈതൃക കലാ സൃഷ്ടികളും അടക്കമുള്ള ശേഷിപ്പുകൾ നാം സംരക്ഷിക്കണം. എന്നാൽ ഇന്ത്യക്കാരോട് ദ്രോഹവും ക്രൂരതയും മാത്രം ചെയ്ത വൈസ്രോയിമാർ അടക്കമുള്ള ചരിത്ര വ്യക്തിത്വങ്ങളോട് വീരാരാധന ആവശ്യമില്ല. അത്തരത്തിൽ ഒരു അപകോളനിവൽക്കരണം അനിവാര്യമാണ്.
കേരളവും ബംഗാളും തമ്മിലുള്ള സാംസ്കാരികമായ സഹവർതിത്വത്തിന്റെ പൈതൃകം തേടുന്ന പദ്ധതിയുടെ ഭാഗമായി മലയാളത്തിൽ നിന്നുള്ള മഹത്തായ കൃതികൾ ബംഗാളി ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ ആളുകളെ തേടി കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ ബംഗാളി എഴുത്തുകാരുടെ നിരവധി കൃതികൾ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രമുഖ മലയാള സാഹിത്യ കൃതികൾ പോലും ബംഗാളിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.