ബംഗാളിൽ ഏഴ് ഇടക്കാല വി.സിമാരെ നിയമിച്ച് ഗവർണർ; ഏറ്റുമുട്ടാൻ സർക്കാർ
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിൽ ഏഴു സർവകലാശാലകളിൽ ഇടക്കാല വൈസ് ചാൻസലർമാരെ നിയമിച്ച് സംസ്ഥാനസർക്കാറുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ പാത തുറന്ന് മലയാളിയായ ഗവർണർ സി.വി. ആനന്ദബോസ്. പ്രശസ്തമായ പ്രസിഡൻസി സർവകലാശാലയടക്കമുള്ളവയിലാണ് ചാൻസലറുടെ അധികാരമെന്ന് പറഞ്ഞ് താൽക്കാലിക വി.സിമാരെ നിയമിച്ച് ഗവർണർ ഞായറാഴ്ച രാത്രി ഉത്തരവിറക്കിയത്. മറ്റ് ഒമ്പത് വാഴ്സിറ്റികളിൽ കൂടി ഉടൻ ഇടക്കാല വി.സിമാരെ നിയമിക്കുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചന നൽകി.
സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച ബംഗാൾ സർക്കാർ, രാജ്ഭവൻ ഏകാധിപത്യപരമായി പെരുമാറുകയാണെന്ന് ആരോപിച്ചു. ഗവർണറുടെ നീക്കം സർവകലാശാല സമ്പ്രദായത്തെ തകർക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു ആരോപിച്ചു. ഗവർണർ അതിരു ലംഘിക്കാൻ പാടില്ലെന്നും നിശ്ശബ്ദരായി നോക്കിനിൽക്കില്ലെന്നും ബസ് മുന്നറിയിപ്പുനൽകി.
വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ഈ തീരുമാനം എടുത്തതെന്നും യോഗ്യത, അനുയോജ്യത, കാര്യക്ഷമത, സന്നദ്ധത തുടങ്ങിയവയാണ് നിയമനത്തിൽ പരിഗണിച്ചതെന്നും ഗവർണറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അവകാശപ്പെടുന്നു. വി.സി നിയമനത്തിൽ ഗവർണർ സംസ്ഥാനസർക്കാറിന്റെ അഭിപ്രായം തേടണമെന്നും എന്നാൽ, അനുമതി ആവശ്യമില്ലെന്നും കൽക്കത്ത ഹൈകോടതി പറഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞയാഴ്ച പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തിൽ ആനന്ദ ബോസ് ചൂണ്ടിക്കാട്ടിയിരുന്നു. വി.സിമാർ അക്കാദമിക വിദഗ്ധരായിരിക്കണമെന്ന് സർവകലാശാല ചട്ടങ്ങൾ അനുശാസിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ചാൻസലറായും സംസ്ഥാന സർക്കാറുമായും ബന്ധപ്പെട്ട് ഗവർണറുടെ കർത്തവ്യം സംബന്ധിച്ച് നിയമസഭ പാസാക്കിയ ബില്ലുകളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി ആരോപിച്ചു. ‘‘ഉന്നത വിദ്യാഭ്യാസരംഗത്തെ കുളമാക്കാനാണ് ഗവർണറുടെ നീക്കം. വാഴ്സിറ്റി ചട്ടങ്ങൾ തകർക്കുകയാണ് അദ്ദേഹം. ആരുമായും ചർച്ച നടത്താതെയാണ് ഇത്രയും നിയമനങ്ങൾ നടത്തിയത്. ഏകാധിപത്യപരമായാണ് ഗവർണർ പ്രവർത്തിക്കുന്നത്’’ -തിങ്കളാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ മന്ത്രി ബസു വിമർശിച്ചു. സംഭവത്തോട് പ്രതികരിച്ച മുൻ വി.സിമാരടക്കമുള്ള വിദ്യാഭ്യാസ വിദഗ്ധർ ഗവർണറുടെ നടപടി അതിസാഹസികതയും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.