വിവാദങ്ങൾക്കിടയിൽ വീണ്ടും വൈസ് ചാൻസലറെ നിയമിച്ച് ബംഗാൾ ഗവർണർ
text_fieldsകൊൽക്കത്ത: മാനദണ്ഡങ്ങൾ പാലിക്കാതെ ഏഴു സർവകലാശാലകളിൽ ഇടക്കാല വൈസ് ചാൻസലർമാരെ നിയമിച്ചതിന് മുഖ്യമന്ത്രി മമത ബാനർജി കടുത്ത വിമർശനമുന്നയിച്ചതിനു പിന്നാലെ ഒരു സർവകലാശാലയിൽ കൂടി നിയമനം നടത്തി ഗവർണർ സി.വി. ആനന്ദബോസ്. പുതുതായി രൂപവത്കരിച്ച കന്യാശ്രീ സർവകലാശാല വി.സിയായി നേതാജി സുഭാഷ് ഓപൺ സർവകലാശാലയിലെ ഗണിതം പ്രഫസർ കാജൽ ഡേയെയാണ് ചൊവ്വാഴ്ച രാത്രി നിയമിച്ചത്.
കഴിഞ്ഞ മാർച്ചിൽ പ്രഫ. കാജലിനെ ഡയമണ്ട് ഹാർബർ വനിത സർവകലാശാല വി.സിയായി ഗവർണർ നിയമിച്ചിരുന്നു. എട്ടു സർവകലാശാലകളിലെ ഇടക്കാല വി.സിമാരെ കൂടി ഗവർണർ തീരുമാനിച്ചിട്ടുണ്ടെന്നും ഉടൻ നിയമനക്കത്ത് നൽകുമെന്നുമാണ് അധികൃതർ നൽകുന്ന സൂചന.
അഞ്ചംഗ സെർച് കമ്മിറ്റിയെ നോക്കുകുത്തിയാക്കി ഗവർണർ തന്നിഷ്ടപ്രകാരമാണ് നിയമനങ്ങൾ നടത്തുന്നതെന്ന് മുഖ്യമന്ത്രി മമത ബാനർജി വിമർശനമുന്നയിച്ചിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ ഗവർണർ കടന്നുകയറ്റം നടത്തുകയാണ്. നടപടി തുടർന്നാൽ സർവകലാശാലകൾക്കുള്ള സർക്കാർ ധനസഹായം നിർത്തും. മുഖ്യമന്ത്രിക്കു മേലെയാണ് ഗവർണറുടെ സ്ഥാനമെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കിൽ ശക്തമായി തിരിച്ചടിക്കും.
ഗവർണർ സ്ഥാനത്തേക്ക് അദ്ദേഹം നാമനിർദേശം ചെയ്യപ്പെട്ടതാണെന്ന് മറക്കരുത്. ഫെഡറലിസത്തിന്റെ തത്ത്വങ്ങൾ മറികടന്ന് സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരാനാണ് ഭാവമെങ്കിൽ രാജ്ഭവനു മുന്നിൽ ധർണ നടത്തുമെന്നും മമത മുന്നറിയിപ്പു നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.