ലൈംഗികപീഡന ആരോപണത്തിൽ പ്രതികരിച്ച് ബംഗാൾ ഗവർണർ; തെരഞ്ഞെടുപ്പ് കാലത്തെ എതിരാളികളുടെ വിനോദമെന്ന്
text_fieldsകൊൽക്കത്ത: ലൈംഗികമായി പീഡിപ്പിച്ചുവെന്ന രാജ്ഭവൻ ജീവനക്കാരിയുടെ ആരോപണത്തിൽ പ്രതികരണവുമായി പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്. പീഡനപരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആനന്ദ ബോസ് ആരോപിച്ചു.
അഴിമതിക്കും അക്രമത്തിനും എതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ഗൂണ്ടാരാജ് നടത്തി കൊണ്ടിരുന്നവർ ഇപ്പോൾ ജയിലിലാണ്. വർഷങ്ങളായി അറസ്റ്റ് ചെയ്യാതിരുന്നവരെയാണ് പിടികൂടിയത്. ഇതിനായി ശക്തമായ നടപടി ഗവർണർ സ്വീകരിച്ചിരുന്നു.
രാഷ്ട്രീയ ദുരുദ്യേശത്തോടെ രാജ് ഭവനിൽ നിയമനം നടത്തിയതായി രഹസ്യ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഗവർണറുടെ പേര് എത്രത്തോളം ചീത്തയാക്കാൻ കഴിയുമെന്ന് എതിർഭാഗത്തുള്ളവർ ശ്രമിക്കുന്നത് സ്വാഭാവികമാണ്. തെരഞ്ഞെടുപ്പ് കാലത്തെ ഒരു വിനോദമായാണ് ഇതിനെ കാണുന്നത്.
ഗവർണർക്ക് നിയമപരമായ പരിരക്ഷയുണ്ട്. ആരോപണത്തിൽ ലീഗൽ ഫൈറ്റ് ഉണ്ടാകില്ലെന്നും മോറൽ ഫൈറ്റ് ഉണ്ടാകുമെന്നും സത്യം ജയിക്കുമെന്നും ആനന്ദ ബോസ് വ്യക്തമാക്കി.
ഗവർണർ സി.വി. ആനന്ദ ബോസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് രാജ്ഭവൻ ജീവനക്കാരി ആരോപിച്ചത്. മാർച്ച് 29നും മേയ് മൂന്നിനും തന്‍റെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്നാണ് ജീവനക്കാരി പരാതിയിൽ പറയുന്നത്.
ഗവർണർക്കെതിരെ ലൈംഗിക പീഡന പരാതി ലഭിച്ചിട്ടുണ്ടെന്നും രാജ്ഭവന് ഉള്ളിൽവെച്ചാണ് ജീവനക്കാരി പീഡനത്തിന് ഇരയായതെന്നും കൊൽക്കത്ത പൊലീസും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.