ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം: ബംഗാൾ ഗവർണർ റിപ്പോർട്ട് തേടി
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട് റെയ്ഡ് ചെയ്യാനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആൾക്കൂട്ടം ആക്രമിച്ച സംഭവത്തിൽ സ്വീകരിച്ച നടപടികളിൽ ഗവർണർ സി.വി. ആനന്ദബോസ് സംസ്ഥാന സർക്കാറിൽനിന്ന് റിപ്പോർട്ട് തേടി. നോർത്ത് 24 പർഗാനാസ് ജില്ലയിൽ കഴിഞ്ഞയാഴ്ചയാണ് ഇ.ഡി ഉദ്യോഗസ്ഥരെ ഷെയ്ഖിന്റെ അനുയായികൾ ആക്രമിച്ചത്.
കോടികളുടെ റേഷൻ തട്ടിപ്പുകേസിലായിരുന്നു ഇ.ഡി റെയ്ഡ്. ഷെയ്ഖിനെ എന്തുകൊണ്ട് അറസ്റ്റുചെയ്തില്ല, അയാൾ ഇപ്പോഴും ഇന്ത്യയിലുണ്ടോ തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ വിശദീകരിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രമസമാധാനം തകർത്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ജോലിയിൽ ഉദാസീനത കാണിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം-ഗവർണർ തുടർന്നു. കഴിഞ്ഞ ദിവസം ബോസ് ഉന്നത സി.ആർ.പി.എഫ്, ഇ.ഡി ഉദ്യോഗസ്ഥരുമായി യോഗം ചേർന്നിരുന്നു. ഇതിൽ, ഷെയ്ഖിന്റെ അറസ്റ്റിന് വിമുഖത കാണിച്ച പൊലീസിനോടുള്ള അതൃപ്തി പ്രകടമാക്കുകയുണ്ടായി. നിലവിൽ ഇ.ഡി ഷെയ്ഖിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
സംഭവത്തിൽ ഇ.ഡി പശ്ചിമ ബംഗാൾ യൂനിറ്റ് അവരുടെ കേന്ദ്ര ഓഫിസിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആക്രമണത്തിൽ മൂന്ന് ഇ.ഡി ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ഏജൻസിയുടെ വാഹനങ്ങൾ തകരുകയും ചെയ്തിരുന്നു. ആക്രമണത്തിൽ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെടാൻ കേന്ദ്ര ഏജൻസിക്ക് പദ്ധതിയുള്ളതായാണ് വിവരം. ആക്രമണത്തിൽ പൊലീസിനുള്ള പങ്കും രണ്ടുപേജ് റിപ്പോർട്ടിലുണ്ട്. ആക്രമണം തുടങ്ങിയപ്പോൾ സ്ഥലത്തുനിന്ന് പൊലീസ് രക്ഷപ്പെട്ടതായാണ് ഇ.ഡി ആരോപണം.
ആക്രമണത്തിൽ ഇ.ഡി നസാത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഷെയ്ഖിന്റെ കുടുംബവും പൊലീസും കേന്ദ്ര ഏജൻസിക്കെതിരെയും കേസ് കൊടുത്തിട്ടുണ്ട്. അതേദിവസം ഇതേ കേസിൽ മറ്റൊരു തൃണമൂൽ നേതാവ് ശങ്കർ ആധ്യയെ അറസ്റ്റു ചെയ്യുമ്പോഴും ഇ.ഡിക്കെതിരെ ജനം തിരിഞ്ഞിരുന്നു.ജാമ്യം കിട്ടാവുന്ന നിസ്സാര വകുപ്പുകൾ ചുമത്തിയാണ് സംസ്ഥാന പൊലീസ് കേസെടുത്തതെന്നും ഇ.ഡി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.