കോവിഡ് വ്യാപനത്തിനിടയിലും ഗംഗാ സാഗർ മേള നടത്താനൊരുങ്ങി പശ്ചിമബംഗാൾ
text_fields
കൊൽക്കത്ത: കോവിഡ് വ്യാപനത്തിനിടയിലും ഇന്ത്യയിലെ രണ്ടാമത്തെ വലിയ തീർഥാടന മേളയായ ഗംഗാ സാഗർ മേള നടത്താനൊരുങ്ങി പശ്ചിമബംഗാൾ സർക്കാർ. എല്ലാ വർഷവും ജനുവരിയിലാണ് ഗംഗാ സാഗർ മേള നടക്കുന്നത്. മകരസംക്രാന്തി ദിനത്തിൽ ഗംഗാനദി ബംഗാൾ ഉൾക്കടലിൽ ചേരുന്ന സംഗമസ്ഥാനത്താണ് പൂജകളും പുണ്യസ്നാനവും നടക്കുക.
മേള ആസൂത്രണം ചെയ്യുന്നതിന് പൊലീസ്, ജലസേചനം, ഗതാഗതം തുടങ്ങി വിവിധ വകുപ്പുകളുടെ ആദ്യ സംയുക്ത യോഗം വ്യാഴാഴ്ച ചേർന്നു. കോവിഡ് വ്യാപനത്തിെൻറ സാഹചര്യം കണക്കിലെടുത്ത് മേളക്കുള്ള തയ്യാറെടുപ്പുകളെ കുറിച്ച് വിശദമായി ചർച്ച ചെയ്തതായി സൗത്ത് 24 പർഗാനാസ് ജില്ലാ മജിസ്‌ട്രേറ്റ് പി. ഉലഗനാഥൻ പറഞ്ഞു.
പ്രധാന ഹിന്ദു ഉത്സവമായ മകരസംക്രാന്തി ആഘോഷിക്കുന്നതിനായി, ഗംഗാസാഗറിൽ നാല് ദശലക്ഷത്തിലധികം തീർത്ഥാടകരാണ് പുണ്യസ്നാനത്തിനെത്തുക.
കോവിഡ് വ്യാപനമുള്ളതിനാൽ സാമൂഹിക അകലവും ശുചിത്വവും പാലിക്കുന്നതിന് വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. മേള ബജറ്റിൽ ഒരു ഭാഗം ഇതിനായി ചെലവഴിക്കേണ്ടിവരുമെന്നും അതുൾപ്പെടുത്തിയ ബജറ്റ് ഉടൻ തയാറാക്കുമെന്നും സംഘാടകർ അറിയിച്ചു.
തിങ്കളാഴ്ച മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ മേളയുടെ ഒരുക്കങ്ങളെ കുറിച്ച് സംസാരിക്കാൻ വെർച്വൽ അഡ്മിനിസ്ട്രേറ്റീവ് യോഗം ചേരുമെന്ന് റിപ്പോർട്ട്. മേള നടക്കുന്ന മൈതാനവും ബോട്ട്ജെട്ടികളും പരിശോധിക്കാൻ പൊലീസും ജില്ലാ ഭരണകൂടവും എഞ്ചിനീയർമാരും സംയുക്ത സന്ദർശനം നടത്തുമെന്നും അറിയിപ്പുണ്ട്.
ഒക്ടോബറിൽ നടക്കാനിരിക്കുന്ന ബംഗാളിലെ ഏറ്റവും വലിയ ഉത്സവമായ ദുർഗ പൂജക്കും ഒരുക്കങ്ങൾ ആരംഭിച്ചു. കോവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ച് ഉത്സവം എങ്ങനെ നടത്താമെന്നതിനെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നഗരത്തിലെ പൂജ സംഘാടകരുടെ ഫോറം തയാറാക്കിയിട്ടുണ്ട്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ദുർഗാ പൂജാ ആഘോഷങ്ങൾക്ക് സർക്കാർ അനുമതി നൽകുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
ബംഗാളിൽ ഇതുവരെ 1.32 ലക്ഷത്തിലധികം ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,689 പേർക്ക് ജീവൻ നഷ്ടമായി. സംസ്ഥാനത്ത് പ്രതിദിനം മൂവായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.