മമതക്ക് തലവേദനയായി വീണ്ടും കൊഴിഞ്ഞുപോക്ക്; ലക്ഷ്മി രത്തൻ ശുക്ല കായിക മന്ത്രിസ്ഥാനം രാജിവെച്ചു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മമത ബാനർജിക്ക് തലവേദനയായി തൃണമൂൽ കോൺഗ്രസിൽനിന്ന് പുതിയ രാജി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ ലക്ഷ്മി രത്തൻ ശുക്ല കായിക മന്ത്രിസ്ഥാനം രാജിവെച്ചു. നിരവധി നേതാക്കൾ തൃണമൂൽ വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറുന്നതിനിടെയാണ് 39 കാരനായ ലക്ഷ്മി രത്തൻ ശുക്ലയുടെ രാജിയും.
കായിക മന്ത്രിസ്ഥാനം രാജിവെക്കുന്നുവെന്ന കത്ത് മമതക്കും ഗവർണർ ജഗ്ദീപ് ധൻകറിനും അയച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നുവെന്നാണ് കത്തിലെ പരാമർശം. എന്നാൽ, തൃണമൂൽ നേതാക്കൾക്കിടയിൽ ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ കച്ചവടമാണ് രാജിക്ക് പിന്നിലെന്നാണ് വിവരം.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബംഗാൾ രഞ്ജി ടീമിന്‍റെ മുൻ ക്യാപ്റ്റനുമായ ശുക്ല 2016ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. തെരഞ്ഞെടുപ്പിൽ ഹൗറ മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി.
തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ തൃണമൂൽ കോൺഗ്രസിൽ 'ദീദി' മാത്രമാകും അവശേഷിക്കുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാൾ സന്ദർശനേത്താട് അനുബന്ധിച്ച് സൂചിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ തൃണമൂലിന്‍റെ നെടുംതൂണുകളിലൊന്നായ സുവേന്ദു അധികാരി രാജിവെക്കുകയും ബി.ജെ.പിയിൽ ചേരുകയും ചെയ്തിരുന്നു. സുവേന്ദു അധികാരിക്ക് പിന്നാലെ അദ്ദേഹത്തിന്‍റെ സഹോദരൻ സൗമേന്ദു അധികാരിയും ബി.ജെ.പിയിലെത്തി. കഴിഞ്ഞ ആഴ്ചയിൽ എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെ 12ഓളം പേർ ബി.ജെ.പിയിൽ ചേർന്നിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിമാരുൾപ്പെടെയുള്ള നേതാക്കളുടെ രാജി തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.